കാണ്ഡഹാര്‍: അമേരിക്കന്‍ പിന്‍മാറ്റത്തിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ യുഎസ് ഹെലികോപ്റ്ററില്‍ പട്രോളിങ് നടത്തി താലിബാന്‍.
ഹെലികോപ്റ്ററില്‍ ഒരു ശരീരം തൂങ്ങിയാടുന്ന ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. കാണ്ഡഹാറില്‍ നിന്നുള്ളതാണ് ദൃശ്യം. എന്നാല്‍ ഹെലികോപ്റ്ററില്‍ തൂങ്ങിയാടുന്നത് മനുഷ്യ ശരീരം തന്നെയാണോ, അതോ സുരക്ഷ മുന്‍നിര്‍ത്തി ഡമ്മി കെട്ടിത്തൂക്കിയതാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് രാജ്യന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ചില മാധ്യമപ്രവര്‍ത്തകര്‍, ഇത് മനുഷ്യ ശരീരം തന്നെയാണെന്ന് അഭിപ്രായപ്പെട്ടു. ഈ വീഡിയോ താലീബാന്റെ ട്വിറ്റര്‍ പേജുകളില്‍ ഒന്നായ താലിബ് ടൈംസും ഷെയര്‍ ചെയ്തിട്ടുണ്ട്. കാണ്ഡഹാറില്‍ പട്രോളിങ് നടത്തുന്ന തങ്ങളുടെ ഹെലികോപ്റ്റര്‍ എന്നാണ് താലിബ് ടൈംസ് വീഡിയോയുടെ കൂടെ കുറിച്ചിരിക്കുന്നത്.
If this is what it looks like… the Taliban hanging somebody from an American Blackhawk… I could vomit. Joe Biden is responsible.
— Liz Wheeler (@Liz_Wheeler) August 30, 2021
യുദ്ധോപരകണങ്ങളും വിമാനങ്ങളും ഇനി ഉപയോഗിക്കാന്‍ സാധിക്കാത്ത തരത്തില്‍ നശിപ്പിച്ചാണ് സൈന്യം അഫ്ഗാന്‍ വിട്ടത് എന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. എന്നാല്‍ അമേരിക്കന്‍ ഹെലികോപ്റ്ററില്‍ പട്രോളിങ് നടത്തുന്ന താലിബാന്‍ വീഡിയോ പുറത്തുവന്നതോടെ, യുഎസ് ആയുധങ്ങള്‍ താലിബാന്‍ സ്വന്തമാക്കിയെന്ന അഭ്യൂഹവും ശക്തമാണ്. അതേസമയം, അമേരിക്ക അഫ്ഗാന്‍ സൈന്യത്തിന് നല്‍കിയ ഹെലികോപ്റ്ററുകളില്‍ ഒന്നാണ് ഇതെന്നും സൂചനയുണ്ട്.