സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം കടുപ്പിക്കുന്നു: ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ

0
288

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും വാരാന്ത്യ ലോക്ക് ഡൌണ്. വരുന്ന ആഗസ്റ്റ് 29 ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൌണായിരിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ആഗസ്റ്റ് 15, മൂന്നാം ഓണം എന്നിവ കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിൽ സംസ്ഥാനത്ത് ലോക്ക് ഡൌണില്ലായിരുന്നു. നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും ജനജീവിതം സാധാരണ നിലയിലേക്ക് വന്ന ശേഷമാണ് വീണ്ടും ലോക്ക് ഡൌണിലേക്ക് പോകുന്നത്.

ഓണത്തിന് മുന്നോടിയായി നൽകിയ ഇളവുകൾ കൊവിഡ് വ്യാപനത്തിന് കാരണമായി എന്ന വിലയിരുത്തലാണ് കഴിഞ്ഞ ആഴ്ചയിലെ വാരാന്ത്യ അവലോകനയോഗത്തിലുണ്ടായത്. ഹോംക്വാറൻ്റൈൻ നടപ്പാക്കുന്നതിലുണ്ടായ വീഴ്ചയും കൊവിഡ് വ്യാപനം ശക്തിപ്പെടാൻ കാരണമായി. നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നതിൽ പലയിടത്തും വീഴ്ചയുണ്ടായെന്ന് മുഖ്യമന്ത്രി തന്നെ യോഗത്തിൽ അറിയിച്ചിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകൾ ഉയർന്നു കൊണ്ടിരിക്കുകയാണ്. രണ്ട് കോടി പേർ ആദ്യഡോസ് വാക്സീൻ സ്വീകരിക്കുകയും 38 ലക്ഷം പേർ ഇതിനോടകം കൊവിഡ് മുക്തി നേടുകയും ചെയ്തിട്ടും സംസ്ഥാനത്തെ കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നത് വലിയ തലവേദനയാണ് സർക്കാരിന് സൃഷ്ടിക്കുന്നത്. പുതിയ കൊവിഡ് കേസുകളിൽ 35 ശതമാനം പേർക്കും ഹോം ക്വാറൻ്റൈനിലെ ജാഗ്രതക്കുറവ് മൂലമാണ് രോഗബാധയുണ്ടായതെന്ന ആരോഗ്യമന്ത്രിയുടെ വെളിപ്പെടുത്തൽ ഡെൽറ്റ വൈറസിനെതിരെ പുതിയ പ്രതിരോധ പ്രോട്ടോക്കോൾ കൊണ്ടു വരേണ്ടിയിരിക്കുന്നു എന്നതിലേക്ക് കൂടിയാണ് വിരൽ ചൂണ്ടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here