കോവിഡ് ആശങ്കകള്‍ക്കിടയിലും തിരുവോണത്തെ വരവേറ്റ് മലയാളികള്‍. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജാഗ്രതയില്‍ കുറവുണ്ടാകരുതെന്നാണ് നിര്‍ദേശം. കരുതലിന്റെ ഈ ഓണക്കാലം, നല്ല നാളെയുടെ പ്രതീക്ഷ കൂടിയാണ് ഓരോ മലയാളിക്കും.
കോവിഡ് കാലത്തെ രണ്ടാമത്തെ ഓണമാണിത്. ഉള്ളത് കൊണ്ട് ഓണം പോലെയെന്ന പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ യോജിക്കുന്നതാണ് ഇത്തവണത്തെ ഓണക്കാലം. വറുതിക്കിടയിലും ഓണം കഴിയും വിധം ആഘോഷമാക്കുകയാണ് മലയാളികള്‍. അതുകൊണ്ടുതന്നെ ഇന്നലെ ഉത്രാടപ്പാച്ചില്‍ ദിനം ഓണവട്ടമൊരുക്കലിന്റെ തിരക്കിലായിരുന്നു നാടും നഗരവും. ലോക്ക്ഡൗണില്‍ പ്രതിസന്ധിയിലായ വിപണിക്ക് അതിജീവന നാളുകളായി ഈ ഓണക്കാലം. എല്ലാ വ്യാപാരശാലകളിലും വിപണി സജീവമായി. ആശങ്കയുണ്ടെങ്കിലും ആഘോഷിക്കാതിരിക്കാനാകില്ലെന്നാണ് പൊതുജന പക്ഷം.
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സോപ്പിട്ട്, മാസ്‌ക്കിട്ട്, ഗ്യാപ്പിട്ട് വേണം ഓണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. കരുതല്‍ കൈവിടാതെ നല്ല നാളെയുടെ പ്രതീക്ഷ കൂടിയാകട്ടെ ഈ ഓണം. എല്ലാ വായനക്കാര്‍ക്കും മീഡിയ വിഷൻ ന്യൂസിൻ്റെ ഓണാശംസകള്‍.