ന്യൂഡല്‍ഹി: സുനന്ദപുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ കോടതി കുറ്റവിമുക്തനാക്കി. പ്രതിപ്പട്ടികയില്‍ നിന്ന് തരൂരിനെ കോടതി ഒഴിവാക്കി. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് വിധി. ജഡ്ജി ഗീതാജ്ഞലി ഗോയലാണ് വിധി പറഞ്ഞത്.
2014ല്‍ നടന്ന സംഭവത്തില്‍ ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റമോ, കൊലപാതകക്കുറ്റമോ ചുമത്താനുള്ള തെളിവുകളുണ്ടെന്നാണ് ഡല്‍ഹി പോലീസ് വാദിച്ചത്. എന്നാല്‍ സുനന്ദ പുഷ്‌കറിന് നിരവധി അസുഖങ്ങളുണ്ടായിരുന്നെന്നും മരണം സ്വാഭാവികമാണെന്നുമായിരുന്നു ശശി തരൂരിന്റെ വാദം.
2014 ജനുവരി പതിനേഴിനാണ് ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ ഭാര്യ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സുനന്ദയുടെ മരണത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്ന് ആരോപണം വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയിരുന്നു. ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.