കാബൂളിലെ സൈനിക ജയിലും പിടിച്ചെടുത്ത് താലിബാന്‍; ഭീകരരെ സ്വതന്ത്രരാക്കി

0
265

കാബൂള്‍ കാബൂളിന് 25 കിലോമീറ്റര്‍ അകലെയുള്ള ബാഗ്രമിലെ സൈനിക ജയില്‍ പിടിച്ചെടുത്ത് ഭീകരരടക്കമുള്ള തടവുകാരെ തുറന്ന് വിട്ട് താലിബാന്‍. ബാഗ്രം എയര്‍ബേസിലെ ജയിലാണ് താലിബാന്‍ പിടിച്ചെടുത്തത്. അഫ്ഗാനിലെ  ഏറ്റവും വലിയ യുഎസ് എയര്‍ബേസായിരുന്നു ബാഗ്രം. യുഎസ് സൈന്യത്തിനായിരുന്നു ജയിലിന്റെ ചുമതല. അഫ്ഗാനില്‍ നിന്ന് യുഎസ് പിന്മാറിയതോടെ ജയിലിന്റെ നിയന്ത്രണം ജൂലൈ ഒന്നിന് അഫ്ഗാന്‍ ഗവണ്‍മെന്റ് കൈമാറി. സ്വതന്ത്രരാക്കിയ 5000 തടവുകാരും താലിബാന് മുന്നില്‍ കീഴടങ്ങി. തടവുകാരില്‍ ഏറെയും താലിബാന്‍, ഐഎസ് ഭീകരരായിരുന്നെന്ന് വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിലെ മുക്കാല്‍ ഭാഗം ജില്ലകളും ഇപ്പോള്‍ താലിബാന്‍ നിയന്ത്രണത്തിലാണ്. 

രാജ്യതലസ്ഥാനമായ കാബൂള്‍ നഗരത്തിലും താലിബാന്‍ പ്രവേശിച്ചതോടെ ഗവണ്‍മെന്റ് ഏത് നിമിഷവും താഴെ വീഴാമെന്ന അവസ്ഥയിലാണ്. രാജ്യത്തെ സ്ഥിതി ഗതികള്‍ പ്രസിഡന്റ് അശ്‌റഫ് ഗനി മറ്റ് നേതാക്കളുമായി ചര്‍ച്ച ചെയ്തു. അദ്ദേഹം ഉടന്‍ സ്ഥാനമൊഴിഞ്ഞ് താലിബാന്‍ കമാന്‍ഡര്‍ക്ക് അധികാരമേല്‍ക്കാനുള്ള സാഹചര്യം ഒരുക്കുമെന്ന് വിദേശ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യതലസ്ഥാനമായ കാബൂള്‍ നഗരത്തെ താലിബാന്‍ നാല് ഭാഗത്തും വളഞ്ഞിരിക്കുകയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഗവണ്‍മെന്റ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. താലിബാന്‍ ഭീകരര്‍ കാബൂളില്‍ പ്രവേശിച്ചതായി ആഭ്യന്തര മന്ത്രാലയം സമ്മതിച്ചിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ താലിബാന്‍ കാബൂള്‍ പിടിച്ചെടുക്കുമെന്ന് അമേരിക്കന്‍ ഇന്റലിജന്റ്‌സ് നേരത്തെ വ്യക്തമാക്കിയിരുന്നു. 

കഴിഞ്ഞ ദിവസം പോരാട്ടത്തിനൊടുവില്‍ ജലാലാബാദ് താലിബാന്‍ പിടിച്ചെടുക്കുകയും പ്രധാന ഹൈവേയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ജനം താലിബാനെ അംഗീകരിച്ചെന്ന് വക്താവ് പറഞ്ഞു. രാജ്യത്തെ സമാധാനത്തിന്റെ പാതയിലൂടെ മുന്നോട്ടുകൊണ്ടുപോകുമെന്നും താലിബാന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here