മൂന്നക്കം കടന്നിട്ട് രണ്ടു വര്‍ഷം; കോലിക്ക് ഇതെന്തു പറ്റി?

0
277

ന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് എന്ത് സംഭവിച്ചു? അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ചുറിയില്ലാതെ രണ്ട് വര്‍ഷം പിന്നിടുകയാണ് കോലി. സച്ചിന്‍ തെണ്ടുല്‍ക്കറുടെ 100 സെഞ്ചുറി റെക്കോഡ് തകര്‍ക്കുമെന്ന് വിശ്വസിക്കുന്ന കോലിയുടെ ആരാധകര്‍ തീര്‍ത്തും നിരാശയിലാണ്.

2019 നവംബറില്‍ കൊല്‍ക്കത്തയില്‍ ബംഗ്ലാദേശിനെതിരേ പിങ്ക് ടെസ്റ്റിലായിരുന്നു കോലിയുടെ അവസാന അന്താരാഷ്ട്ര സെഞ്ചുറി. കോലിയെപ്പോലൊരു ലോകോത്തര താരം ഇത്ര ദീര്‍ഘകാലം ഫോമില്ലാതെ തുടരുന്നത് അസ്വാഭാവികമാണ്. ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തായിരുന്ന കോലി ഇക്കാലത്ത് അഞ്ചാം സ്ഥാനത്തേക്ക് പതിച്ചു.

2019-ല്‍ വെസ്റ്റിന്‍ഡീസില്‍ നടന്ന ഏകദിനങ്ങളില്‍ കോലി മൂന്ന് ദിവസത്തിനിടെ രണ്ട് സെഞ്ചുറി നേടിയിരുന്നു. ഓഗസ്റ്റ് 11-ന് 120 റണ്‍സും ഓഗസ്റ്റ് 14-ന് 114 റണ്‍സും നേടി.

2019 ഒക്ടോബര്‍ പത്തിന് പുണെയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി (254*) നേടി. തുടര്‍ന്ന് ബംഗ്ലാദേശിനെതിരേയും.

32 വയസ്സിനിടെ കോലി അടിച്ചുകൂട്ടിയത് 70 സെഞ്ചുറികള്‍, ഏകദിനത്തില്‍ 43, ടെസ്റ്റില്‍ 27. മൂന്ന് ഫോര്‍മാറ്റിലുമായി 22875 റണ്‍സ്.

ഇംഗ്ലണ്ടിനെതിരേ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തില്‍ കോലി പൂജ്യത്തിന് പുറത്തായി. രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ 42 റണ്‍സെടുത്തു. ഓരോ വര്‍ഷവും കോലി നേടുന്ന റണ്ണുകള്‍ കുറഞ്ഞുവരുന്നു. 2016-ല്‍ 1215, 2017-ല്‍ 1059, 2018-ല്‍ 1322 എന്നിങ്ങനെ ടെസ്റ്റില്‍ സ്‌കോര്‍ ചെയ്തിരുന്നു. എന്നാല്‍, 2019-ല്‍ 612, 2020-ല്‍ 116 എന്നിങ്ങനെയാണ് സമ്പാദ്യം. ഏകദിനത്തിലും സ്ഥിതി ഭിന്നമല്ല. 2017-ല്‍ 1460, 2018-ല്‍ 1202, 2019-ല്‍ 1377 എന്നിങ്ങനെ സ്‌കോര്‍ ചെയ്‌തെങ്കില്‍ 2020-ല്‍ 431-ലും 2021-ല്‍ 129 റണ്‍സിലും ഒതുങ്ങി.

ഇപ്പോഴും മൂന്ന് ഫോര്‍മാറ്റിലും 50-ന് മുകളില്‍ ശരാശരി നിലനിര്‍ത്തുന്ന ഏകതാരമാണ് കോലി. അദ്ദേഹത്തിന് കീഴില്‍ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്നു. പക്ഷേ, ക്യാപ്റ്റന്റെ സെഞ്ചുറിക്കുവേണ്ടി ആരാധകര്‍ കാത്തിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here