മംഗളുരു: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ പേരിൽ മംഗളൂരുവിൽ യുവതിയെ എൻ ഐ എ കസ്റ്റഡിയിൽ എടുത്തു. ഉള്ളാളിലെ കോൺഗ്രസിന്റെ മുൻ എം.എൽ.എ ബി. എം. ഇദ്ദിനബ്ബയുടെ പേരക്കുട്ടിയുടെ ഭാര്യയെയാണ് എൻ ഐ എ കസ്റ്റഡിയിലെടുത്തത്. കേരളത്തിൽനിന്നടക്കം യുവാക്കളെ ഐ. എസിലേക്ക് റിക്രൂട്ട് ചെയ്യാൻ പദ്ധതിയിട്ട കേസിൽ ഇദ്ദിനബ്ബയുടെ മറ്റൊരു പേരക്കുട്ടി അമർ അബ്ദുൽ റഹ്മാനെയടക്കം നാലുപേരെ എൻ ഐ എ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ബി. എം. ഇദ്ദിനബ്ബയുടെ മകൻ ബി. എം. ബാഷയുടെ മകനാണ് അമർ. ബാഷയുടെ മറ്റൊരു മകന്റെ ഭാര്യയായ വിരാജ്പേട്ട സ്വദേശിനിയാണ് ഇപ്പോൾ കസ്റ്റഡിയിലുള്ളത്. മംഗളൂരുവിൽ ഡെന്റൽ കോളജിൽ പഠിക്കവേ ബാഷയുടെ മകനുമായി അടുപ്പത്തിലാവുകയും മതം മാറി വിവാഹം കഴിക്കുകയുമായിരുന്നു ഈ യുവതി. ടെലഗ്രാമിലും ഇൻസ്റ്റഗ്രാമിലും ഐ. എസ്. അനുകൂല കൂട്ടായ്മയിൽ യുവതി അംഗമാണെന്നും സൂചനയുണ്ട്.