കോഴിക്കോട്: ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടുമായി ബന്ധപ്പെട്ട കേസില്‍ മൊഴിയെടുക്കാന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് എന്‍ഫോഴ്സ്മെന്റ് നോട്ടീസ് അയച്ചതിന് പിന്നാലെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനവുമായി ഹൈദരലി തങ്ങളുടെ മകന്‍ മോയിന്‍ അലി.
ഫണ്ട് കൈകാര്യം ചെയ്തത് കുഞ്ഞാലിക്കുട്ടി ആയിരുന്നിട്ടും ചന്ദ്രികയുടെ പ്രതിസന്ധിയില്‍ അദ്ദേഹം ഇടപെട്ടില്ലെന്ന് മോയിന്‍ അലി കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നാല് പതിറ്റാണ്ടായി ഫണ്ട് കൈകാര്യം ചെയ്തത് കുഞ്ഞാലിക്കുട്ടിയായിരുന്നു. ഫിനാന്‍സ് മാനേജര്‍ സമീറിനെവെച്ചത് കുഞ്ഞാലിക്കുട്ടിയാണ്. പാര്‍ട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലീഗിന്റെ ധനകാര്യ മാനേജ്‌മെന്റ് ആകെ പാളിയെന്ന് അദ്ദേഹം പറഞ്ഞു.
‘പാണക്കാട് കുടുംബത്തിന്റെ ചരിത്രത്തില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. ഹൈദരലി തങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് കഴിയുന്നത്,’ മോയിന്‍ അലി പറഞ്ഞു.
അതേസമയം, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വീണ്ടും എന്‍ഫോഴ്സ്മെന്റ് നോട്ടീസ് നല്‍കിയിരുന്നു. ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടുമായി ബന്ധപ്പെട്ട കേസിലാണ് മൊഴിയെടുക്കാന്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
ആഗസ്റ്റ് ആറിന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന സ്ഥലത്തെത്തിയാണ് നോട്ടീസ് കൈമാറിയത്. എന്നാല്‍ ചന്ദ്രിക പത്രത്തിന് എതിരായ ആരോപണങ്ങള്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് മുസ്‌ലീം ലീഗ് വിശദീകരിച്ചു.