ദുബായ്: യു.എ.ഇയിലേക്ക് പ്രവാസികള്‍ക്കുള്ള യാത്രാതടസ്സം താത്കാലികമായി നീങ്ങിയെങ്കിലും പൂര്‍ണ്ണമായി ആശ്വസിക്കാനുള്ള വകയില്ല.യു.എ.ഇ. അംഗീകരിച്ച കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ച താമസവിസയുള്ള ഇന്ത്യക്കാര്‍ക്ക് വ്യാഴാഴ്ച മുതല്‍ നിബന്ധനകളോടെ യു.എ.ഇ.യിലേക്ക് തിരിച്ചുവരാമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, യു.എ.ഇയില്‍ വെച്ച് രണ്ടു ഡോസ് വാക്‌സിനുകളും എടുത്തവര്‍ക്കാണ് ആദ്യഘട്ടത്തില്‍ രാജ്യത്തേക്ക് നേരിട്ട് കടക്കാനുള്ള അനുമതിയുള്ളത്.
ഇന്ത്യയില്‍നിന്ന് വാക്‌സിനെടുത്തവരെ അടുത്ത ഘട്ടത്തിലേ പരിഗണിക്കൂവെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം യാത്രാ നിയന്ത്രണം നീക്കിയുള്ള യു.എ.ഇ. അധികൃതരുടെ ഉത്തരവില്‍ അവ്യക്തത നിലനിന്നിരുന്നു. എന്നാല്‍, വിമാന കമ്പനികള്‍ക്കും മറ്റും നല്‍കിയ നിര്‍ദേശത്തിലാണ് അധികൃതര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്.
യു.എ.ഇയില്‍ കോവിഡ് വാക്‌സിനേഷന്‍പൂര്‍ത്തിയാക്കിയ, യു.എ.ഇ. താമസവിസയുള്ള നിര്‍ദിഷ്ട കാറ്റഗറികളില്‍പ്പെട്ടവര്‍ക്കാണ് നാളെ മുതല്‍ യു.എ.ഇയിലേക്ക് യാത്രാ അനുമതി. വാക്‌സിന്‍ രണ്ടാം ഡോസെടുത്തിട്ട് 14 ദിവസം പിന്നിട്ടിവരാകണമെന്നും നിര്‍ദേശമുണ്ട്.
യു.എ.ഇയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ടെക്നീഷ്യന്‍സ് എന്നിവരുള്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, സര്‍വകലാശാലകള്‍, കോളേജുകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, വിദ്യാര്‍ഥികള്‍, മാനുഷിക പരിഗണന നല്‍കേണ്ടവരില്‍ സാധുവായ താമസവിസയുള്ളവര്‍, ഫെഡറല്‍, ലോക്കല്‍ ഗവ. ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട എല്ലാവര്‍ക്കും ഓഗസ്റ്റ് അഞ്ചു മുതല്‍ യു.എ.ഇയിലേക്ക് മടങ്ങാം. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, അധ്യാപകര്‍ എന്നിവര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമില്ല.