കണ്ണൂർ സർവകലാശാല മഞ്ചേശ്വരം കാമ്പസ് തുറക്കുന്നു; ആദ്യം എൽഎൽ.എം. കോഴ്സ്‌

0
255

കാസർകോട് : കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരത്തെ കാമ്പസ് പ്രവർത്തനമാരംഭിക്കുന്നു. കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലായി എട്ടാത്തെ കാമ്പസാണിത്.

ആദ്യഘട്ടത്തിൽ ഈ അക്കാദമിക് വർഷം തന്നെ 20 സീറ്റുകളോടെ എൽഎൽ.എം. കോഴ്‌സ് (ക്രിമിനൽ ലോ ആൻഡ് ക്രിമിനൽ ജസ്റ്റിസ്) ആരംഭിക്കും. അധ്യാപകരുടെ ശമ്പളമുൾപ്പെടെ നൽകുന്നതിന് വിദ്യാർഥികളിൽനിന്ന് താരതമ്യേന കുറഞ്ഞ ഫീസ് ഈടാക്കിയായിരിക്കും കാമ്പസ് പ്രവർത്തിക്കുക.

നിലവിൽ ഓൺലൈനായി ആരംഭിക്കുന്ന കോഴ്‌സിലേക്ക് പ്രവേശനപരീക്ഷ വഴിയാകും പ്രവേശനം. പ്രവേശന നടപടി ഓഗസ്റ്റിൽ ആരംഭിക്കും. ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചാൽ അടുത്ത അധ്യയനവർഷം ത്രിവത്സര എൽഎൽ.ബി. കോഴ്‌സും ആരംഭിക്കും. വരും വർഷങ്ങളിൽ കാമ്പസിൽ ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്തും. സപ്തഭാഷാ പ്രാധാന്യം കണക്കിലെടുത്ത് ഭാഷാവൈവിധ്യ പഠനകേന്ദ്രം ആരംഭിക്കുന്നതും പരിഗണനയിലുണ്ട്.

യുവാക്കൾക്ക് പുതിയ ജോലി സാധ്യതകൾ സൃഷ്ടിക്കാൻ തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകൾ ആരംഭിക്കുന്നത് പരിഗണയിലാണെന്ന് വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രോ വൈസ് ചാൻസലർ ഡോ. എ. സാബു, സിൻഡിക്കേറ്റ് അംഗം ഡോ. എ. അശോകൻ എന്നിവരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here