കെഎസ്ആർടിസി ബസുകൾ അതിർത്തി വരെ മാത്രം സർവീസ് നടത്തും. കാസർഗോട്ട് നിന്നുള്ള ബസുകൾക്ക് അതിർത്തിവരെ മാത്രമേ അനുമതിയുള്ളൂ. കർണാടകയിലേക്ക് പ്രവേശിക്കാൻ ഈ ബസുകൾക്ക് അനുമതിയില്ല. കാസർഗോട്ടു നിന്ന് മംഗലാപുരം, സുള്ള്യ, പുത്തൂർ എന്നിവിടങ്ങളിലേക്കുള്ള ബസുകൾക്കാണ് പ്രവേശനാനുമതി നൽകാത്തത്. ദക്ഷിണ കന്നഡ ജില്ലാ കളക്ടറുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
ബസുകൾ ഒരാഴ്ചത്തേക്ക് സംസ്ഥാനത്ത് പ്രവേശിക്കണ്ട എന്നാണ് കളക്ടറുടെ ഉത്തരവ്. അതേസമയം, ബെംഗളൂരുവിലേക്കുള്ള ബസ് സർവീസുകൾ നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു. മുത്തങ്ങ, മാനന്തവാടി വഴിയാണ് നിലവിൽ ബെംഗളൂരുവിലേക്കുള്ള സർവീസ് നടത്തുന്നത്. കേരളത്തിൽ നിന്നെത്തുന്നവർക്ക് മൂന്ന് ദിവസത്തിനകം നടത്തിയ ആർടിപിസിആർ പരിശോധനാഫലം നിർബന്ധമാണ്.
അതേസമയം, കോഴിക്കോട് ജില്ലയിൽ കൊവിഡ് പ്രതിരോധം ശക്തമാക്കാൻ കേന്ദ്രസംഘത്തിന്റെ നിർദേശം. സംസ്ഥാനത്തെ കൊവിഡ് സാഹചര്യവും പ്രവർത്തനങ്ങളും വിലയിരുത്താൻ എത്തിയ സംഘമാണ് ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയത്. കൊവിഡ് പരിശോധന വർധിപ്പിക്കാനും ചികിത്സാ സംവിധാനങ്ങൾ ഒരുക്കുന്നത് വേഗത്തിൽ പൂർത്തിയാക്കാനും നിർദേശമുണ്ട്.
കൂടുതൽ വാക്‌സിൻ വേണമെന്ന ആവശ്യവും ജില്ലാ ഭരണകൂടം കേന്ദ്രസംഘത്തിന് മുന്നിൽ ഉന്നയിച്ചിട്ടുണ്ട്. ദുരന്ത നിവാരണ സെൽ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.പി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോഴിക്കോട് സന്ദർശനം നടത്തിയത്. കളക്ടറേറ്റിലെ സന്ദർശനത്തിന് ശേഷം സംഘം മെഡിക്കൽ കോളജിലുമെത്തി സാഹചര്യം വിലയിരുത്തി.
രണ്ട് മേഖലകളിലായി മൂന്ന് ജില്ലകളിലെ കൊവിഡ് സാഹചര്യം കേന്ദ്രസംഘം ഇതിനോടകം വിലയിരുത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെ എത്തിക്കണമെന്നാണ് സംഘത്തിന്റെ പ്രാഥമിക നിർദേശം. സംസ്ഥാനത്തിന്റെ നിലവിലെ സ്ഥിതിയിൽ ആശങ്ക പ്രകടിപ്പിച്ച വിദഗ്ധ സംഘം ടിപിആർ ഉയർന്നുനിൽക്കുന്നത് ആശ്വാസകരമല്ലെന്ന് വിലയിരുത്തി.നാളെ തിരുവനന്തപുരത്തെത്തുന്ന സംഘം ആരോഗ്യമന്ത്രി വീണാ ജോർജുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ച നടത്തും. രോഗവ്യാപന നിരക്ക് കുറയ്ക്കുന്നതിനുള്ള പ്രത്യേക നിർദേശങ്ങൾ നൽകിയാകും കേന്ദ്രസംഘം മടങ്ങുക.
സംസ്ഥാനത്ത് നിലവിൽ കൊവിഡ് സാഹചര്യം ആശങ്കാജനകമായി തുടരുകയാണ്. ഇരുപതിനായിരത്തിന് മുകളിലാണ് പ്രതിദിന രോഗബാധ. 12.31 ആണ് ടെസ്റ്റ് പോസിറ്റിവിററി നിരക്ക്. അഞ്ച് ജില്ലകളിൽ പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. അതേസമയം പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം.