നിബന്ധനയിൽ ഇളവ് വരുത്തി ദക്ഷിണ കന്നഡ; തലപ്പാടിയിൽ കർശന പരിശോധന

0
304

കർണാടകയിൽ പ്രവേശിക്കാൻ 72 മണിക്കൂറിനുള്ളിലെടുത്ത RTPCR നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയിൽ ഇളവ് വരുത്തി ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം. രണ്ട് ഡോസ് വാക്സീൻ എടുത്തവരെയും തൽക്കാലത്തേക്ക് അതിർത്തി കടത്തിവിടുന്നുണ്ട്. അതിനിടെ മംഗളൂരുവിൽനിന്ന് കാസർകോട്ടേയ്ക്കുള്ള മുഴുവൻ ബസ് സർവീസുകളും ഒരാഴ്ചത്തേക്ക് നിർത്തി.

ഇന്നലെ ഇറക്കിയ ഉത്തരവ് തിരുത്തിയിട്ടില്ലെങ്കിലും തൽക്കാലത്തേക്ക് ഇളവനുവദിക്കാനാണ് മംഗളൂരു പൊലീസിന് ലഭിച്ചിരിക്കുന്ന നിർദേശം. ഇന്ന് രാവിലെ മുതൽ രണ്ടുഡോസ് വാക്സീൻ എടുത്തവരെയും തലപ്പാടി വഴി കടത്തിവിടുന്നുണ്ട്. എന്നാൽ പതിവിനു വിപരീതമായി കൂടുതൽ പൊലീസിനെ വിന്യസിച്ചുകൊണ്ട് കർശന പരിശോധനയാണ് തലപ്പാടിയിലുള്ളത്.

പുതിയ നിബന്ധനകൾക്കിടെ ദക്ഷിണ കന്നഡയിൽനിന്ന് കാസർകോട്ടേയ്ക്കുള്ള എൺപതോളം ബസ് സർവീസുകൾ കർണാടക അവസാനിപ്പിച്ചു. കേരളത്തിൽ കോവിഡ് വർധിക്കുന്ന സാഹചര്യത്തിലാണ് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്റെ പുതിയ തീരുമാനം. കേരളവുമായി അതിർത്തി പങ്കിടുന്ന ദക്ഷിണ കന്നഡ, കുടക്, മൈസൂരു ജില്ലകളിലും ഏറെ മലയാളികൾ തൊഴിലെടുക്കുന്ന ഉഡുപ്പിയിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോവിഡ് കേസുകൾ ഇരട്ടിയോളമാണ് വർധിച്ചത്. ഇതാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ കർണാടകയെ പ്രേരിപ്പിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here