കാസർകോട്: പശുവിന് പുല്ലരിയാൻ ആളൊഴിഞ്ഞ പറമ്പിലേക്ക് ഇറങ്ങിയ ക്ഷീര കർഷകന് 2000രൂപ പിഴ. മൂന്ന് പൊലീസുകാർ വീട്ടിലെത്തിയാണ് പിഴയടക്കാൻ നോട്ടീസ് നൽകിയത്. പിഴ നൽകിയില്ലെങ്കിൽ കേസ് കോടതിയിലെത്തിച്ച് വലിയ പ്രയാസം നേരിടേണ്ടി വരുമെന്നായിരുന്നു പൊലീസിന്‍റെ മുന്നറിയിപ്പ്. കാസർകോട് അമ്പലത്തറ പൊലീസാണ് കർഷകന് പിഴ ചുമത്തിയത്. കോടോം-ബെളൂർ പഞ്ചായത്തിലെ ആറ്റേങ്ങാനം പാറക്കൽ വേങ്ങയിൽ വീട്ടിൽ വി. നാരായണന്, ബന്ധുവാണ് പിഴ അടയ്ക്കാൻ പണം നൽകി സഹായിച്ചത്.
പത്തിലും ഏഴിലും പഠിക്കുന്ന രണ്ട് കുട്ടികളും നാരായണന്റെ അമ്മയും അനിയനും അടങ്ങുന്നതാണ് കുടുംബം. അരലക്ഷം രൂപ വായ്പയെടുത്താണ് ഇദ്ദേഹം പശുവിനെ വാങ്ങിയത്. എട്ട് ലിറ്റർ പാൽ കിട്ടുന്നത് വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്. കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണ്‍ നീണ്ടത് മൂലം കൂലിപ്പണി ചെയ്തിരുന്ന നാരായണന് തൊഴില്‍ കിട്ടാത്ത അവസ്ഥയുണ്ടായി. അപ്പോഴാണ് 50,000 രൂപ ലോണെടുത്ത് ഒരു സിന്ധി പശുവിനെ വാങ്ങിയത്. ദിവസം എട്ട് ലിറ്റര്‍ പാല്‍ കിട്ടിയിരുന്ന പശുവായിരുന്നു നാരായണന്റെ കുടുബത്തിന്റെ ജീവനോപാധി.
ഭാര്യ ഷൈലജ കോവിഡ് പോസിറ്റിവായതോടെ കുടുംബം ഒറ്റപ്പെട്ടു. പൊതുവെ കടുത്ത പ്രയാസം നേരിടുന്ന വേളയിലാണ് ഭാര്യക്ക് കോവിഡ് വന്നത്. രോഗ ലക്ഷണമൊന്നുമില്ലായിരുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ ജോലിക്ക് ശ്രമിക്കുന്നതിനാൽ കോവിഡില്ലാ സർട്ടിഫിക്കറ്റ് ലഭിക്കാനാണ് പരിശോധന നടത്തിയത്. കോവിഡ് സ്ഥിരീകരിച്ചതോടെ പാൽ വാങ്ങാൻ ആവശ്യക്കാരില്ലാതായി. കറവ നടക്കാത്തതിനാൽ പശുവിന് പല അസ്വസ്ഥതകളും അനുഭവപ്പെട്ടു.
നാരായണന്റെ 25 സെന്റ് പുരയിടത്തിൽ പുല്ലൊന്നുമില്ല. അതിനാൽ തൊട്ടടുത്തെ പറമ്പിൽ മാസ്കിട്ടശേഷം 46കാരനായ നാരായണൻ പുല്ലരിയാൻ പോകുകയായിരുന്നു. പൂർണമായും ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു പുല്ലരിയാൻ നാരായണൻ പോയത്. ”പുല്ലു ചെത്തിയാല്‍ കോവിഡ് വരുമെന്ന് ഞാന്‍ കരുതിയില്ല, ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നാലല്ലേ കോവിഡ് വരുകയുള്ളൂ”- നാരായണൻ പറയുന്നു.
മക്കൾക്ക് സ്മാർട്ട് ഫോൺ വാങ്ങാൻ കടമെടുത്ത ഇയാൾ എങ്ങനെ രണ്ടായിരം രൂപ ഫൈൻ അടക്കുമെന്ന ചിന്തിച്ച് വിഷമിച്ചിരിക്കെ, അടുത്ത ബന്ധു പിഴ അടക്കുകയായിരുന്നു. എന്നാൽ, 9 ദിവസം മുമ്പ് ഭാര്യക്ക് കോവിഡ് ബാധിച്ചതിനാല്‍ പ്രൈമറി കോണ്ടാക്ടിലുള്ള ആളായിരുന്നു നാരായണന്‍ എന്നാണ് പൊലീസ് വിശദീകരണം. ക്വാറന്റീൻ ലംഘിച്ചതിനാണ് നാരായണനെതിരെ പെറ്റി ചുമത്തിയതെന്നും മറിച്ചുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും അമ്പലത്തറ പൊലീസ് പറയുന്നു.