ബസവരാജ്​ ബൊമ്മെ കർണാടക മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ

0
258

ബെംഗളൂരു: ബസവരാജ് ബൊമ്മയ് കർണാടകയുടെ പുതിയ മുഖ്യമന്ത്രിയാവും. ബെം​ഗളൂരുവിൽ ചേർന്ന ബിജെപി എംഎൽഎമാരുടെ യോ​ഗത്തിലാണ് പുതിയ മുഖ്യമന്ത്രിയായി നിലവിലെ ആഭ്യന്തരമന്ത്രിയായ ബസവരാജ് ബൊമ്മയെ തെരഞ്ഞെടുത്തത്. കർണാടകയുടെ ചുമതലയുള്ള ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിം​ഗിൻ്റെ നേതൃത്വത്തിലായിരുന്നു. ഹൂബ്ബള്ളിയിൽ നിന്നുള്ള എംഎൽഎയായ ബസവരാജ് ലിംഗായത്ത് സമുദായത്തിലെ പ്രമുഖ നേതാവും ബിഎസ് യെദ്യൂരപ്പയുടെ വിശ്വസ്തനുമാണ്. 

സ്ഥാനമൊഴിഞ്ഞ മുൻമുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബസവരാജിൻ്റെ പേര് നി‍ർദേശിച്ചത്. ഈ പേര് യോ​ഗത്തിൽ പങ്കെടുത്ത എല്ലാവരും അം​ഗീകരിക്കുകയായിരുന്നു. മുഴുവൻ എംഎൽഎമാരും തീരുമാനം അം​ഗീകരിച്ചതോടെ ഭിന്നതകളില്ലാതെ അധികാര കൈമാറ്റം പൂർത്തിയാക്കുക എന്ന ഭാരിച്ച ദൗത്യം കേന്ദ്രനേതൃത്വത്തിനും പൂ‍ർത്തിയാക്കാനായി. നാളെ ഉച്ചയ്ക്ക് ബസവരാജ് ബൊമ്മയ് അടുത്ത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും എന്നാണ് വിവരം. 

യെദിയൂരപ്പയുടെ അഭിപ്രായം കൂടി പരിഗണിച്ചേ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കൂ എന്ന്അരുൺ സിങ്ങ് യോ​ഗത്തിന് മുൻപ് പറഞ്ഞിരുന്നു. പുതിയ സ‍ർക്കാരിൽ യെദ്യൂരപ്പയുടെ മകൻ വിജയേന്ദ്രയടക്കം നാല് ഉപമുഖ്യമന്ത്രിമാർ വരെയുണ്ടാവും എന്നാണ് റിപ്പോർട്ടുകൾ. യെദ്യൂരപ്പ പടിയിറങ്ങുന്നതിൽ അതൃപ്തിയുള്ള ലിം​ഗായത്ത് സമുദായത്തെ ഒപ്പം നിർത്തുന്നതോടൊപ്പം ഇതര സമുദായങ്ങൾക്കും പുതിയ സർക്കാരിൽ പ്രാതിനിധ്യം ഉറപ്പാക്കാൻ ശ്രമമുണ്ടാവും. അതേസമയം ജെഡിഎസ് -കോൺ​ഗ്രസ് പാർട്ടികളിൽ നിന്നും യെദ്യൂരപ്പ ചാടിച്ചു കൊണ്ടു വന്ന് മന്ത്രിസ്ഥാനം നൽകിയ എംഎൽഎമാ‍രുടെ തുടർനീക്കങ്ങൾ എന്താവുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പുതിയ സർക്കാരിൽ മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിൽ ഇവർ കലാപത്തിനൊരുങ്ങാൻ സാധ്യതയുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here