ഉത്സവത്തിനിടെ മനുഷ്യത്തല തിന്നുന്ന വീഡിയോ; സ്വാമിമാര്‍ക്കെതിരെ കേസെടുത്ത് തെങ്കാശി പൊലീസ്

0
419

തെന്മല: തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി മനുഷ്യ ശവശരീരം ഭക്ഷിച്ചെന്ന പരാതിയില്‍ സ്വാമിമാര്‍ക്കെതിരെ കേസ്. പാവൂര്‍സത്രം കല്ലാരണി ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.

മനുഷ്യന്റെ തലയോട്ടിയടക്കം കയ്യില്‍വെച്ചെന്ന് ആരോപിച്ചാണ് കേസ്. നാല് സ്വാമിമാരുള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് തെങ്കാശി പൊലീസ് കേസെടുത്തത്.

വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ നല്‍കിയ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ശക്തിമാടസ്വാമി എന്ന ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നാല് പേര്‍ ചേര്‍ന്ന് മനുഷ്യന്റെ തല ഭക്ഷിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.

എന്നാല്‍ എവിടെ നിന്നാണ് ശവശരീരം ലഭിച്ചതെന്ന് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഏതെങ്കിലും ഗ്രാമങ്ങളിലെ ശ്മശാനങ്ങളില്‍ നിന്ന് പകുതി സംസ്‌കരിച്ച മനുഷ്യ ശവശരീരം കടത്തപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അതേസമയം ഇത് യഥാര്‍ത്ഥ മനുഷ്യത്തല തന്നെയാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

പൂജാരിമാര്‍ നാല് പേരും സ്വാമിയാട്ട ചടങ്ങില്‍ പങ്കെടുത്തവരാണ്. ഉത്സവത്തിന്റെ ഭാഗമായി പൂജാരിമാര്‍ വേട്ടയാടികൊണ്ടു വരുന്ന ചടങ്ങുണ്ട്. തിരികെ വരുമ്പോള്‍ കൊണ്ടു വരുന്ന മനുഷ്യത്തല ഇവര്‍ ചേര്‍ന്ന് ഭക്ഷിക്കുന്നതാണ് ആചാരം. കുടുംബ ക്ഷേത്രമായ ഇവിടെ എല്ലാ വര്‍ഷവും ഈ ചടങ്ങ് നടക്കുന്നതായും നാട്ടുകാര്‍ പറയുന്നുണ്ട്.

2019 ലും ഇതേ ക്ഷേത്രത്തിലെ സ്വാമിമാര്‍ തലയോട്ടിയും മനുഷ്യ ശവശരീരത്തിന്റെ കയ്യും കടത്തിക്കൊണ്ട് വന്ന് ഉത്സവം നടത്തിയതിന്റെ വീഡിയോയും ഇതിനൊപ്പം പ്രചരിക്കുന്നുണ്ട്.

ഉത്സവ കാലമാകുമ്പോള്‍ ഇവര്‍ ശ്മശാനങ്ങളില്‍ പോയി ശവശരീരങ്ങള്‍ കടത്തിക്കൊണ്ടു വരും. എന്നാല്‍ ഇവര്‍ തിരികെ പോകുമ്പോള്‍ അവശിഷ്ടങ്ങള്‍ അവിടെ ഉപേക്ഷിച്ച് പോവുകയാണ് പതിവെന്നും നാട്ടുകാര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here