പാണക്കാട്ട് കണ്ടത് മെഴ്‌സിഡസ് ബെന്‍സിന്റെ ഷോറൂം; കേരളത്തിലെ മുസ്‌ലീങ്ങള്‍ പിന്നോക്കാവസ്ഥയിലല്ലെന്ന് കെന്നഡി കരിമ്പിന്‍കാല

0
487

കോഴിക്കോട്: കേരളത്തിലെ മുസ്‌ലീം വിഭാഗത്തിന്റെ സാമ്പത്തികാവസ്ഥ മോശമാണെന്ന് പറയുന്നത് യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണെന്ന് ക്രിസ്ത്യന്‍ കൗണ്‍സില്‍ അംഗം കെന്നഡി കരിമ്പിന്‍കാല. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് മീഡിയവണ്‍ സ്‌പെഷ്യല്‍ എഡിഷന്‍ ചര്‍ച്ചക്കിടെയായിരുന്നു കെന്നഡിയുടെ പരാമര്‍ശം.

”മുസ്‌ലീം വിഭാഗത്തിന്റെ അട്ടിപ്പേറവകാശമെടുക്കുന്ന ലീഗ് അവരുടെ നേര്‍ചിത്രമാണെങ്കില്‍ ഞാന്‍ പാണക്കാട്ട് കണ്ടത് മെഴ്‌സിഡസ് ബെന്‍സിന്റെ ഷോറൂമാണ്. നല്ലകാര്യം നമ്മുടെ നേതാക്കളൊന്നും ദരിദ്രവാസികളല്ല, എല്ലാവരും നല്ല നിലയിലാണ്. മുസ്‌ലീം വിഭാഗത്തിന്റെ ഗതി കേരളത്തില്‍ തുലോം താഴെയാണ് എന്ന് പറയുന്നത് യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ല. ബംഗാളില്‍ മോശമാണ്, ബീഹാറില്‍ മോശമാണ്, ഒഡീഷയില്‍ മോശമാണ് പക്ഷെ കേരളത്തില്‍ അങ്ങനെയല്ല”- കെന്നഡി പറഞ്ഞു.

കേരളത്തിലെ മുസ്‌ലീം ക്ഷേമപദ്ധതികളുടെ ആവശ്യമില്ലാത്ത പ്രകാരം ഈ വിഭാഗങ്ങള്‍ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80:20 ആനുകൂല്യം പുനക്രമീകരിക്കുന്നതിനായി മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിരുന്നു. 80:20
അനുപാതം ഹൈക്കോടതി റദ്ദാക്കിയതിനാലാണ് സര്‍ക്കാര്‍ നടപടി. 2011ലെ സെന്‍സസ് അനുസരിച്ചാവും പുതിയ അനുപാതം.

അതേസമയം നിലവിലുള്ള എണ്ണത്തിലോ തുകയിലോ കുറവുണ്ടാകില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. സ്‌കോളര്‍ഷിപ്പിന് 6.2 കോടി അധികമായി അനുവദിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു.

80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതത്തിലായിരുന്നു ഇതുവരെ ക്ഷേമ പദ്ധതികള്‍. ഈ അനുപാതമാണ് കഴിഞ്ഞ മെയ് 28ന് റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി വന്നത്.

ഇപ്പോഴത്തെ ജനസംഖ്യ അനുസരിച്ച് ഈ അനുപാതം പുനര്‍നിശ്ചയിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇതിന് അനുസൃതമായ മാറ്റത്തിനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here