കൊച്ചി: പുതിയ വീട് പണിയാനൊരുങ്ങുന്നവർക്കും റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും തിരിച്ചടിയായി സംസ്ഥാനത്ത് സിമന്റിന് വിലയേറുന്നു. ആറ് മാസത്തിനിടെ കുറഞ്ഞ ബ്രാൻഡിലുള്ള ഒരു ചാക്ക് സിമന്റിന് 50 രൂപ മുതലും കൂടിയ ബ്രാൻഡിന് 70 രൂപയോളവുമാണ് വർധിച്ചത്. സിമന്റ് ഉത്പാദനത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിലാണിത്. അടുത്തകാലത്തൊന്നും സംസ്ഥാനത്ത് സിമന്റ് വില കുറയാൻ സാധ്യതയില്ലെന്നാണ് ഈ മേഖലയിൽനിന്നുള്ള കച്ചവടക്കാർ പറയുന്നത്.
കുറഞ്ഞ ബ്രാൻഡ് സിമന്റ് കേരള തീരത്ത് എത്തുമ്പോഴുള്ള നിരക്ക് (ഇറക്കുമതി നിരക്ക്) 325 രൂപയാണ്. കണ്ടെയ്‌നർ നിരക്കും ഇറക്കുകൂലിയും ഗതാഗത ചെലവും മറ്റ് ചെലവുകളും ഉൾപ്പെടുത്തി ഉപഭോക്താക്കളിലേക്ക് എത്തുമ്പോഴേക്കും (റീട്ടെയിൽ) വില 390 മുതൽ 400 രൂപ വരെയാകും. കൂടിയ ബ്രാൻഡിന് 470 രൂപ വരെയാണ് റീട്ടെയ്ൽ നിരക്ക്.
സാധാരണക്കാരെ മാത്രമല്ല റിയൽ എസ്റ്റേറ്റ് പദ്ധതികളെയും ഈ വിലക്കയറ്റം സാരമായി ബാധിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധിക്കിടയിൽ വിലക്കയറ്റം കൂടി രൂക്ഷമായതോടെ സിമന്റ് വില്പന കുറഞ്ഞിട്ടുണ്ടെന്ന് കേരള സിമന്റ് ഡീലേഴ്‌സ് അസോസിയേഷൻ എറണാകുളം ജില്ലാ സെക്രട്ടറി സ്റ്റീഫൻ മാർട്ടിൻ പറഞ്ഞു. ഇറക്കുമതി ചെലവ് കൂടുന്നതല്ലാതെ ലാഭം പഴയതിലും കുറവാണെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രതിസന്ധിക്ക് പരിഹാരം തേടി ഒരു മാസം മുൻപ് സംസ്ഥാന സർക്കാരിനെ സമീപിച്ചിരുന്നെങ്കിലും സിമന്റ് കമ്പനികളുമായി സർക്കാർ നടത്തിയ ചർച്ച പരാജയപ്പെടുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിമന്റ് കമ്പനികൾ വില കുറയ്ക്കാൻ തയ്യാറല്ല
കുറഞ്ഞ വിലയ്ക്ക് കേരളത്തിന് സിമന്റ് വിൽക്കാൻ കഴിയില്ലെന്നാണ് കമ്പനികളുടെ വാദം. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും ഇന്ധന വിലക്കയറ്റവും ഗതാഗത ചെലവിലുണ്ടായ വർധനയും കാരണം ഉത്പാദന-വിതരണ ചെലവ് ഗണ്യമായി ഉയർന്നിട്ടുണ്ട്. കോവിഡ് പ്രതിസന്ധിക്കിടെ യൂണിറ്റുകളുടെ ഉത്പാദന ശേഷി പൂർണമായി വിനിയോഗിക്കാൻ കഴിയാത്തതിനാലും വില്പന തടസ്സപ്പെടുന്നതിനാലും നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കമ്പനികൾ പറയുന്നു.
തമിഴ്‌നാട്, കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളമാണ് സിമന്റ് ഏറ്റവും ഉയർന്ന വിലയ്ക്ക് വാങ്ങുന്നത്. സിമന്റ് നിർമാണ കമ്പനികൾക്ക് ഏറ്റവും കൂടുതൽ താത്പര്യമുള്ള വിപണിയും കേരളമാണ്. ഇവിടേക്ക് ഏറ്റവുമധികം സിമന്റ് വരുന്നത് ആന്ധ്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നാണ്.
മലബാർ സിമന്റ്‌സ് അഞ്ച് രൂപ കുറച്ചു
ആറ് മാസത്തിനിടെ കേരള പൊതുമേഖലാ കമ്പനിയായ മലബാർ സിമന്റ്‌സ് മാത്രമാണ് വില കുറച്ചത്. ജൂലായ് ഒന്നിന് മലബാർ സിമന്റ്‌സ് അഞ്ച് രൂപ കുറച്ചിരുന്നു. ഉത്പാദനം കൂട്ടിക്കൊണ്ട് സിമന്റ് വിപണിയിൽ സംസ്ഥാന പൊതുമേഖലയുടെ വിഹിതം 25 ശതമാനമായി ഉയർത്താൻ സർക്കാർ ലക്ഷ്യമിടുന്നുണ്ട്.