കൊച്ചി (www.mediavisionnews.in): വണ്ണം കുറയ്ക്കാന്‍ എളുപ്പവഴി തേടുന്നവരാണ് അധികവും. കടുത്ത ആഹാരനിയന്ത്രണവും വ്യായാമമുറകളുമാണ് വണ്ണം കുറയ്ക്കാനും ആകാരഭംഗി നേടാനും ഏറ്റവും മികച്ച മാര്‍ഗങ്ങള്‍. എങ്കിലും എളുപ്പത്തില്‍ കാര്യം സാധിക്കാന്‍ വേണ്ടി പരസ്യത്തില്‍ കാണുന്ന ഗുളികകള്‍ വാങ്ങി കഴിക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്. ഡോക്ടറോട് ചോദിക്കാതെ യാതൊരു കുറിപ്പടിയുമില്ലാതെ നേരിട്ട് പോയി വാങ്ങി കഴിക്കുന്ന ഈ ഗുളികകള്‍ നിങ്ങളുടെ ആരോഗ്യത്തിനു നല്ലതാണോ ?
ശരീരത്തിന്റെ വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്ന് അവകാശപെട്ട് വിപണിയില്‍ ഇന്ന് അനവധി ഗുളികകള്‍ ലഭ്യമാണ്. പോരാത്തതിന് വെയിറ്റ് ലോസ് സപ്ലിമെന്റുകള്‍ വേറെയും. ആഴ്ചകള്‍ കൊണ്ട് അല്ലെങ്കില്‍ ദിവസങ്ങള്‍ കൊണ്ട് നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്തു ശരീരം മെലിയുമെന്നു വാഗ്ദാനം ചെയ്യുന്നതാണ് ഇവയില്‍ എല്ലാം. എന്നാല്‍ ഇതെല്ലാം വിശ്വസിച്ചു കുറുക്കുവഴിയിലൂടെ വണ്ണം കുറയ്ക്കാന്‍ ഇറങ്ങിയാല്‍ ചിലപ്പോള്‍ കൂടെ കൂടുക മാറാരോഗങ്ങളായിരിക്കും.
വണ്ണം കുറയ്ക്കുക എന്നതാണ് മിക്ക വെയിറ്റ് ലോസ് ഗുളികകളുടെയും ലക്‌ഷ്യം. എന്നാല്‍ ഇവ എങ്ങനെയാണ് ഭാരം കുറയ്ക്കുക. ശരീരത്തിലേക്ക് എത്തുന്ന ഫാറ്റ്, കാര്‍ബോഹൈഡ്രേറ്റ് എന്നിവയുടെ തോത് കുറയ്ക്കുക എന്നതാണ് ഇതിന്റെ ജോലി. ഒപ്പം വിശപ്പ് കുറയ്ക്കുന്നു. അല്ലെങ്കില്‍ മെറ്റബോളിക് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നു. ഇത്തരം മിക്ക മരുന്നുകള്‍ക്കും വില അധികവുമായിരിക്കും. മറ്റു മരുന്നുകള്‍ കഴിക്കുന്നവര്‍ അതിനൊപ്പം ഈ ഗുളികകള്‍ കഴിക്കുമ്പോള്‍ ഡോക്ടറുടെ നിര്‍ദേശം സ്വീകരിച്ചില്ല എങ്കില്‍ പിന്നീട് അത് അതിലും വലിയ അപകടങ്ങള്‍ക്ക് കാരണമാകും.
അപകടകരമായ പാര്‍ശ്വഫലങ്ങളാകും പലപ്പോഴും ഇത്തരം ഗുളികകള്‍ ഉണ്ടാക്കുന്നത്. വൃക്കകളുടെ പ്രവര്‍ത്തനത്തെ താറുമാറാക്കാനും, ഹൃദയം, കരള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കാനും ഇത് കാരണമാകും. ഇത്തരം ഗുളികകളുടെ ചേരുവകള്‍ എന്താണെന്ന് പരിശോധിക്കാനും അവ വിപണിയില്‍ വിറ്റഴിക്കാന്‍ അനുമതിയുണ്ടോ എന്ന് പരിശോധിക്കാനും ആരുമില്ലാത്ത അവസ്ഥയാണുള്ളത്.
ഒരു ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഒരിക്കലും ഭാരം കുറയ്ക്കാനോ കൂട്ടാനോ ഉള്ള ഒരു മരുന്നും കഴിക്കരുത്. പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗം എന്നീ രോഗങ്ങള്‍ ഉള്ളവര്‍ ഉറപ്പായും ഇത്തരം ഗുളികകള്‍ ഒഴിവാക്കുകയാകും നല്ലത്. വണ്ണം കുറയ്ക്കണം എന്നുണ്ടെങ്കില്‍ അതിലേക്കുള്ള ഏറ്റവും നല്ല വഴി നല്ലയൊരു ഡയറ്റ് തിരഞ്ഞെടുത്തു ആവശ്യമായ വ്യായാമങ്ങള്‍ ചെയ്യുക എന്നതാണ്. കുറുക്ക് വഴികള്‍ തേടുന്നത് നിങ്ങളുടെ ജീവന്‍ തന്നെ അപകടത്തിലാക്കിയേക്കാം എന്ന കാര്യം ഓര്‍ക്കുക.