പെരുന്നാൾ വരെ എല്ലാ കടകളും തുറക്കുമോ? മുഖ്യമന്ത്രിയും വ്യാപാരികളുമായി ഇന്ന് ചർച്ച

0
299

തിരുവനന്തപുരം: കടകൾ എല്ലാ ദിവസവും തുറക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി ഇന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. മുഖ്യമന്ത്രിയുമായുള്ള ചർച്ചക്ക് ശേഷം തുടർനിലപാട് സ്വീകരിക്കാൻ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സെക്രട്ടറിയേറ്റ് യോഗവും ഇന്ന് തിരുവനന്തപുരത്ത് ചേരും.

ജൂലൈ 21-ന് പെരുന്നാൾ വരെ എല്ലാ കടകളും എല്ലാ ദിവസവും തുറക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഇവയടക്കം ചില ഇളവുകൾ സർക്കാർ നൽകാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് ലോക് ഡൗൺ ഇളവുകൾ ചർച്ച ചെയ്യാനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അവലോകനയോഗം നാളെയാണ്.

കടകൾ നിർബന്ധപൂർവ്വം തുറക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ട് പോയ വ്യാപാരികൾ ഇന്ന് ഒരു അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുണ്ട്.

ആരാധനാലയങ്ങളിൽ കൂടുതൽ പേരെ നമസ്ക്കാരത്തിന് അനുവദിക്കണമെന്ന് മുസ്ലീം മത മേലധ്യക്ഷന്മാരും സംഘടനകളും ആവശ്യപ്പെടുന്നു. രണ്ടും പരിഗണിച്ച് എതിർപ്പുകൾ ഒഴിവാക്കുന്നതിനെ കുറിച്ചാണ് സർക്കാറിന്‍റെ ആലോചന. അതേസമയം ടിപിആർ പത്തിന് മുകളിൽ തന്നെ തുടരുന്നതാണ് സർക്കാർ പ്രധാനമായും നേരിടുന്ന പ്രശ്നം.

‘നയപരമായ തീരുമാനമെടുക്കണം’: ഹൈക്കോടതി

കടകള്‍ തുറക്കുന്ന കാര്യത്തിൽ സംസ്ഥാന സര്‍ക്കാർ നയപരമായ തീരുമാനമെടുക്കേണ്ട സമയമായെന്ന് ഹൈക്കോടതി ഇന്നലെ നിർദേശിച്ചിരുന്നു. തുണിക്കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ നൽകിയ ഹര്‍ജി ഇന്നലെ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണങ്ങൾ. കേരളത്തില്‍ ആള്‍ക്കൂട്ടനിയന്ത്രണം ഫലപ്രദമായി നടപ്പാകുന്നില്ലെന്നും കോടതി വിമര്‍ശിച്ചു.

കേരള ടെക്സ്റ്റൈൽസ് ആന്‍റ് ഗാർമെന്‍റ്സ് ഡീലേഴ്സ് അസോസിയേഷൻ ആണ് എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. വ്യാപാരികളുടെയും ജീവനക്കാരുടെയും നിലനിൽപ്പിന്‍റെ പ്രശ്നമാണിതെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു. ഹർജിയിൽ ഹൈക്കോടതി സർക്കാറിന്‍റെ വിശദീകരണം തേടി.

കടകള്‍ തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനങ്ങളെടുക്കേണ്ട സമയമായെന്നും കോടതി ഓര്‍മിപ്പിച്ചു. ഈ ഘട്ടത്തിലാണ് കൊവിഡ് നിയന്ത്രണമുണ്ടെന്ന് പറയുമ്പോഴും പൊതു ഇടങ്ങളില്‍ ആള്‍ക്കൂട്ടങ്ങളാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. സാമൂഹിക അകലം പാലിക്കപ്പെടുന്നില്ല. മാസ്ക് ഒരു ശീലമായി മാറിക്കഴിഞ്ഞതിനാല്‍ കൊവിഡ് പ്രതിരോധത്തിനായി അത് മാത്രം ഉപയോഗിക്കുന്നു.

കേരളത്തിന്‍റെ പൊതു ഇടങ്ങളിലെ കാഴ്ച ഇതാണെന്ന് ജസ്റ്റിസ് ടിആര്‍ രവി ചൂണ്ടിക്കാട്ടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കി‌ന്‍റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്‍റെ വിശദാംശങ്ങള്‍ അറിയിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു. കൊവിഡ് നിയന്ത്രണങ്ങളില്‍ തീരുമാനമെടുക്കുന്നത് വിദഗ്ദ സമിതിയാണെന്നും, സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുക മാത്രമാണ്  ചെയ്യുന്നതെന്നും ഗവണ്‍മെന്‍റ് കോടതിയെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here