ബേസല്‍ (സ്വിറ്റ്‌സര്‍ലൻഡ്): യൂറോ കപ്പില്‍ ഇറ്റലിയും കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയും മുത്തമിട്ടതിന് പിന്നാലെ സൂപ്പര്‍ കപ്പിന് കളമൊരുങ്ങുന്നു. കോപ്പ അമേരിക്ക-യൂറോ കപ്പ് വിജയികള്‍ തമ്മില്‍ ഒരു മത്സരം സംഘടിപ്പിക്കണം എന്ന ആശയം കോണ്‍മെബോള്‍ യുവേഫയുടെ മുന്നില്‍വെച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അര്‍ജന്റീനയും ഇറ്റലിയും ഈ മത്സരത്തില്‍ മുഖാമുഖം വരും. 2022-ലെ ഖത്തര്‍ ലോകകപ്പിന് മുമ്പ് സൂപ്പര്‍ കപ്പ് നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നേരത്തെ ഓരോ ഭൂഖണ്ഡങ്ങളിലേയും വിജയിക്കുന്ന ടീമുകള്‍ മാറ്റുരയ്ക്കുന്ന ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ് നടന്നിരുന്നു. 1992 മുതല്‍ 2017 വരെയാണ് ഈ ടൂര്‍ണമെന്റ് നടന്നത്. 1992-ല്‍ സൗദി അറേബ്യയെ തോല്‍പ്പിച്ച് അര്‍ജന്റീന ജേതാക്കളായി. 2017-ല്‍ നടന്ന അവസാന ടൂര്‍ണമെന്റില്‍ ചിലിയെ തോല്‍പ്പിച്ച് ജര്‍മനി കിരീടം ചൂടി. ബ്രസീല്‍ നാല് തവണയും ഫ്രാന്‍സ് രണ്ടു തവണയും കോണ്‍ഫെഡറേഷന്‍സ് കപ്പ് നേടിയിട്ടുണ്ട്.
അതുപോലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് ജേതാക്കളും കോപ്പ അമേരിക്കാ ജേതാക്കളും ഏറ്റുമുട്ടുന്ന അര്‍ട്ടേമിയോ ഫ്രാഞ്ചി കപ്പ് രണ്ടു തവണ നടന്നിട്ടുണ്ട്. 1985-ലും 1993-ലുമാണ് ഇത് നടന്നത്. 1985-ല്‍ യുറുഗ്വായെ തോല്‍പ്പിച്ച് ഫ്രാന്‍സ് ജേതാക്കളായി. 1993-ല്‍ ഡെന്‍മാര്‍ക്കിനെ പരാജയപ്പെടുത്തി അര്‍ജന്റീനയും കിരീടം നേടി.