ഭക്ഷണം വീട്ടിലേയ്ക്ക് ഓര്‍ഡര്‍ ചെയ്യുന്നത് ഇപ്പോള്‍ സര്‍വസാധാരണമാണ്. ഇതിനൊപ്പം നടക്കുന്ന കൗതുകകരമായ സംഭവങ്ങളും വാര്‍ത്തയാവാറുണ്ട്. ഭക്ഷണം മാറി പോവുക, മുഴുവന്‍ ഭക്ഷണവും കൊണ്ടുവരാതിരിക്കുക, അല്ലെങ്കില്‍ ഡെലിവറി ബോയ് ഭക്ഷണം കട്ടുകഴിക്കുക..അങ്ങനെ പലതും.
അത്തരത്തില്‍ ഓൺലൈനിൽ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന യുഎസിലെ ഒരു സ്ത്രീക്ക് ഉണ്ടായ അനുഭവമാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്. ഡെലിവറി ബോയെ കാത്തിരുന്ന സ്ത്രീയുടെ വീട്ടില്‍ ഭക്ഷണവുമായി എത്തിയത് പൊലീസ് ഉദ്യോഗസ്ഥന്‍!
ഒരു ട്രാഫിക് പോയിന്റിൽ വച്ച് ഡെലിവറി ബോയി അറസ്റ്റിലായതിനെ തുടർന്നാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ഡെലിവറി ബോയിയുടെ ജോലി ഏറ്റെടുത്തത്. അറസ്റ്റിലായതോടെ ഡെലിവറി ബോയ്ക്ക് തന്റെ ജോലി പൂർത്തിയാക്കാൻ കഴിയാതെ വന്നു. തുടര്‍ന്നാണ് പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ നേരിട്ട് ഓർഡർ ചെയ്തയാൾക്ക് ഭക്ഷണം എത്തിക്കാൻ തീരുമാനിച്ചത്. ഭക്ഷണം വിതരണം ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ ജോൺസ്ബോറോ പൊലീസ് സ്റ്റേഷന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പ്രചരിക്കുന്നത്. ജൂൺ 30നാണ് ഡെലിവറി ബോയിയെ പൊലീസ് ഉദ്യോഗസ്ഥനായ ടൈലർ വില്യംസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഭക്ഷണം പാഴാക്കുന്നത് വില്യംസിന് ഇഷ്ടമല്ല.
ഇതോടെയാണ് ഡെലിവറി ബോയ് ചെയ്തുകൊണ്ടിരുന്ന ജോലി വില്യംസ് സ്വയം ഏറ്റെടുത്തത്. “നിങ്ങളുടെ ഡോർഡാഷ് ഡെലിവറി ബോയിയെ അറസ്റ്റ് ചെയ്യേണ്ടി വന്നതിനാല്‍, ഞാൻ നിങ്ങളുടെ ഭക്ഷണം എത്തിക്കാൻ എത്തിയതാണ്”- എന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.