കൊച്ചി: കോവിഡ് ബാധിതനായി മരിച്ച ഭർത്താവ് ജീവിച്ചിരിക്കുന്നെന്നും ചികിത്സയിലാണെന്നും പറഞ്ഞ് ആശുപത്രിയിൽ നിന്ന് ഫോൺ കോൾ. മാലിപ്പുറം ആശാരിപറമ്പ് ചുള്ളിക്കൽ ഫ്രാൻസിസിന്റെ (57) ഭാര്യ ഗീതയ്ക്കാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഫോൺകോൾ എത്തിയത്.
കോവിഡിനെ തുടർന്നു 35 ദിവസം മുൻപ് ഇവരുടെ ഭർത്താവ് മരിച്ചിരുന്നു. എന്നാൽ ഭർത്താവ് ജീവനോടെയുണ്ടെന്ന ഫോൺ കോൾ വന്നതോടെ ഗീതയും കുടുംബാംഗങ്ങളും ഞെട്ടി. തന്റെ ഭർത്താവ് മരിച്ചതായി ഗീത പറഞ്ഞെങ്കിലും ആശുപത്രിയിൽ നിന്ന് വിളിച്ചവർ സമ്മതിച്ചില്ല.
സോഡിയം കുറഞ്ഞുപോയ ഭർത്താവിന്റെ സോഡിയം ക്രമീകരിച്ചു കൊണ്ടിരിക്കെയാണെന്നാണ് ഗീതയെ ആശുപത്രിയിൽ നിന്ന് അറിയിച്ചത്. . ജൂൺ 3ന് ഇതേ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഫ്രാൻസിസ് മരിച്ചത്. പിപിഇ കിറ്റ് ധരിച്ച സംസാരിച്ച നഴ്‌സ് വിഡിയോ കോളിൽ ഫ്രാൻസിസിനു നൽകാമെന്നു പറഞ്ഞ് ഒരാളെ കാണിച്ചു.
വീഡിയോ കോളിന് ഇടയിൽ പെട്ടെന്നു ഫോൺ കട്ടായി. ഇതോടെ സത്യമറിയാൻ തനിക്ക് രോഗിയെ കാണണമെന്നാവശ്യപ്പെട്ട് ഗീത ഡോക്ടറെ വിളിച്ചു. അല്ലെങ്കിൽ ആശുപത്രിയിലേക്കു എത്തുമെന്നും പറഞ്ഞതോടെ മാനേജ്മെന്റുമായി ആലോചിച്ച ശേഷം വിളിക്കാമെന്നു പറഞ്ഞു.
ഏറെ സമയത്തിനുശേഷം വിഡിയോ കോളിലൂടെ രോഗിയെ കാണിച്ചു. ഫ്രാൻസിസ് എന്നു പേരുള്ള പള്ളുരുത്തി സ്വദേശിയാണു ഗീതയോടു നേരിട്ടു സംസാരിച്ചത്. പുതിയ ജീവനക്കാരിക്ക് അബദ്ധം പറ്റിയതാണെന്നാണ് അധികൃതർ പറയുന്നു.