ന്യൂഡല്‍ഹി: റദ്ദാക്കി വര്‍ഷങ്ങള്‍ക്കു ശേഷവും ഐ.ടി. ആക്ടിലെ 66-എ പ്രകാരം രാജ്യത്ത് ആയിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി. ഇത് ഞെട്ടിക്കുന്നതാണ്. ഞങ്ങള്‍ നോട്ടീസ് പുറപ്പെടുവിക്കും- ജസ്റ്റിസുമാരായ ആര്‍. നരിമാന്‍, കെ.എം. ജോസഫ്, ബി.ആര്‍. ഗവായി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. വിഷയത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
സന്നദ്ധ സംഘടനയായ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്(പി.യു.സി.എല്‍.) സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ ആയിരുന്നു കോടതിയുടെ നിരീക്ഷണവും പരാമര്‍ശവും. 66-എ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യരുതെന്ന് പോലീസ് സ്‌റ്റേഷനുകള്‍ക്ക് നിര്‍ദേശം നല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നായിരുന്നു പി.യു.സി.എല്ലിന്റെ ഹര്‍ജി.
2015 മാര്‍ച്ച് 24-നാണ് വിവാദമായ 66-എ വകുപ്പ് ചരിത്രപ്രധാന വിധിയിലൂടെ സുപ്രീം കോടതി റദ്ദാക്കിയത്. ‘കുറ്റകരമായ’ കാര്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് അനുമതി നല്‍കുന്നതായിരുന്നു ഐ.ടി. നിയമത്തിലെ 66-എ വകുപ്പ്.
മുതിര്‍ന്ന അഭിഭാഷകനായ സഞ്ജയ് പരീഖാണ് പി.യു.സി.എല്ലിനു വേണ്ടി ഹാജരായത്. ഏതുവിധത്തിലാണ് കേസുകള്‍ വര്‍ധിക്കുന്നതെന്ന് നോക്കണമെന്നും ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. 229 കേസുകളായിരുന്നു 66-എ റദ്ദാക്കുന്നതിന് മുന്‍പ് തീര്‍പ്പാകാതെ കിടന്നിരുന്നത്. അതിനു ശേഷം 1307 കേസുകള്‍ പുതുതായി രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇതില്‍ 570 എണ്ണത്തില്‍ ഇനിയും തീര്‍പ്പായിട്ടില്ല. ഭൂരിഭാഗം കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടത് മഹാരാഷ്ട്രയിലാണ്(381). ഝാര്‍ഖണ്ഡില്‍ 291 കേസുകളും ഉത്തര്‍ പ്രദേശില്‍ 245ഉം രാജസ്ഥാനില്‍ 192 കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതായി അദ്ദേഹം കോടതിയെ അറിയിച്ചു.