അഭിമുഖത്തിൽ നിമിഷ ഫാത്തിമയെ വെടിവച്ച് കൊല്ലണമെന്ന് റിപ്പോർട്ടർ: മൈക്ക് പിടിച്ചുവാങ്ങി ക്യാമറ തട്ടിമാറ്റി അമ്മ (വീഡിയോ)

0
382

തിരുവനന്തപുരം: അഭിമുഖത്തിനിടെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയ റിപ്പോർട്ടറുടെ മൈക്ക് പിടിച്ചുവാങ്ങി കാമറ തട്ടിമാറ്റി നിമിഷ ഫാത്തിമയുടെ അമ്മ. ഭർത്താവിനൊപ്പം ഐഎസിൽ ചേർന്ന്, ഭർത്താവ് മരിച്ച ശേഷം അഫ്ഗാൻ ജയിലിൽ കഴിയുകയാണ് നിമിഷ ഫാത്തിമ. നിമിഷ ഫാത്തിമയെ ഇന്ത്യയിൽ എത്തിക്കുകയല്ല, മറിച്ച് വെടിവച്ച് കൊല്ലുകയാണ് വേണ്ടതെന്നതുമടക്കമുള്ള പരാമർശങ്ങളാണ് ‘വ്യൂ പോയിന്‍റ്’ എന്ന ഓൺലൈനിന്‍റെ അഭിമുഖത്തിനിടെ റിപ്പോർട്ടർ നടത്തിയത്.

ലോക മനസാക്ഷി നിമിഷയുടെ അമ്മയുടെ കണ്ണീർ കണ്ട് സന്തോഷിക്കുകയാണെന്നും റിപ്പോ‍ർട്ടർ പറഞ്ഞു. സൈനികന്‍റെ അമ്മയാണെന്ന് പറഞ്ഞ് അഭിമാനിക്കുന്നതിന് പകരം തീവ്രവാദിനിയുടെ അമ്മയാണ് എന്ന് പറഞ്ഞ് മകളെ നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും റിപ്പോർട്ടർ പറഞ്ഞതോടെയാണ് അമ്മ ബിന്ദു മൈക്ക് പിടിച്ചുവാങ്ങി ക്യാമറ തട്ടിമാറ്റിയത്.

അഫ്ഗാനിസ്ഥാൻ ഇവരെ ഇന്ത്യയ്ക്ക് കൈമാറാൻ തയ്യാറെന്ന് വ്യക്തമാക്കിയപ്പോൾ സുരക്ഷ ഏജൻസികളുടെ നിലപാട് സർക്കാർ തേടിയിരുന്നു. സംഘത്തിലെ എല്ലാവർക്കും ചാവേർ ആക്രമണത്തിന് പരിശീലനം  കിട്ടിയിട്ടുണ്ടെന്നാണ് സുരക്ഷാ ഏജൻസികൾ സർക്കാരിനെ അറിയിച്ചത്. സ്വന്തം രാജ്യത്ത് ഐഎസിനായി പ്രവർത്തിക്കാനാണ് ഭീകരസംഘടനയുടെ നേതൃത്വം ഇവർക്ക് അവസാനം നിർദ്ദേശം നല്കിയതെന്നും ഏജൻസികൾ പറയുന്നു. ഇവരുടെ മടക്കം അതിനാൽ വലിയ ഭീഷണിയാകും എന്ന റിപ്പോ‍ർട്ടാണ് രഹസ്യാന്വേഷണ ഏജൻസികൾ നല്കിയത്.

അതേസമയം മുൻ അംബാസിഡർ കെപി ഫാബിയാൻ അടക്കമുള്ളവർ ഇക്കാര്യത്തിൽ വിരുദ്ധ അഭിപ്രായമാണ് പറയുന്നത്. അഫ്ഗാൻ ജയിലിൽ കഴിയുന്നവരെ തിരികെ കൊണ്ടു വരാതിരിക്കാൻ ഒരു കാരണവുമില്ലെന്നാണ് ഫാബിയാൻ്റെ നിലപാട്. ഇവരെ മടക്കിക്കൊണ്ടുവരണമെന്നും നിയമനടപടികൾക്ക് വിധേയമാക്കി മുഖ്യധാരയിൽ എത്തിക്കാനുള്ള ശ്രമം നടത്തണമെന്നും അവ‍ർ ഐഎസിൽ ചേരാനിടയായ സാഹചര്യം എന്താണെന്ന് പഠിക്കണമെന്നുമുള്ള അഭിപ്രായം ചില മുൻ സുരക്ഷ ഉദ്യോഗസ്ഥർക്കുണ്ട്.

വലിയ ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ പ്രതിപക്ഷപാർട്ടികളൊന്നും ഇക്കാര്യത്തിൽ നിലപാട് പറഞ്ഞിട്ടില്ല. യുവതികളെ കൊണ്ടുവരുന്നതിനെ എതിർക്കുമെന്ന് ബിജെപി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. നാല് പേരെയും മടക്കിക്കൊണ്ടു വരുന്ന വിഷയം കോടതിയിൽ എത്തിയാൽ നിയമപരമായി നേരിടാൻ കേന്ദ്ര സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഇവരെ തിരികെ കൊണ്ടുവരാൻ താത്പര്യപ്പെടുന്നില്ലെന്ന് ഇന്ത്യ അഫ്ഗാനിസ്ഥാനെ അനൗദ്യോ​ഗികമായി ധരിപ്പിച്ചെന്നും റിപ്പോ‍ട്ടുകളുണ്ടായിരുന്നു.

അതേസമയം നിമിഷ ഫാത്തിമയെയും മക്കളെയും തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയിരിക്കുകയാണ് ബിന്ദു.  നിമിഷ ഫാത്തിമയെയും  നിമിഷയുടെ മകളെയും തിരികെയെത്തിക്കാനായി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.

അഫ്ഗാൻ ജയിലിൽ കഴിയുന്ന ഇവരെ ,ഇന്ത്യയിലെത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ല. ഇന്ത്യ പങ്കാളിയായിട്ടുള്ള അന്താരാഷ്ട്ര ഉടമ്പടികളിലടക്കം പൗരന്മാരുടെ അവകാശ സംരക്ഷണത്തിന് പ്രത്യേക പരിഗണനയുണ്ട്. ഭരണഘടനാപരമായ മൗലികാവകാശങ്ങളും സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here