കാസർകോട് ∙ കോവിഡിൽ വരുമാനമില്ലാതെ ആളുകൾ കഷ്ടപ്പെടുമ്പോഴും സാധാരണക്കാരുടെ കീശയിൽ കയ്യിട്ടുവാരി ചൂതാട്ട മാഫിയ. ലോക്ഡൗൺ സമയത്തു നിലച്ചിരുന്ന രണ്ടക്ക നമ്പർ ചൂതാട്ടം(മഡ്ക) ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ ജില്ലയിൽ വീണ്ടും സജീവമായി. ഒരു ദിവസത്തിൽ 3 നറുക്കെടുപ്പ് നടത്തി ലക്ഷങ്ങളാണു ചൂതാട്ട സംഘം തട്ടിയെടുക്കുന്നത്. കാസർകോട്, ഉപ്പള, കുമ്പള എന്നീ പ്രധാന ടൗണുകൾക്കു പുറമേ ചെറിയ ടൗണുകളിൽ പോലും ഇവർക്കു ഏജന്റുമാരുണ്ട്. രണ്ടക്ക നമ്പറിൽ 10 രൂപ മുതൽ മുകളിലേക്ക് എത്ര തുക വേണമെങ്കിലും ഇതിൽ അടയ്ക്കാം. പണം അടച്ച നമ്പറാണു നറുക്കെടുക്കുന്നതെങ്കിൽ 10 രൂപയ്ക്ക് 750 രൂപ തോതിൽ പണം അടച്ചയാൾക്കു സമ്മാനമായി ലഭിക്കും. കലക്‌ഷൻ തുകയുടെ 10% ഏജന്റിനുള്ളതാണ്. ഇതിനു പുറമേ നറുക്കെടുപ്പിൽ പണം ലഭിക്കുന്നവരിൽ നിന്നു ചെറിയൊരു വിഹിതം ഏജന്റിനു നൽകും.
കൂലിപ്പണിക്കാരും ഡ്രൈവർമാരുമാണ് ഇവരുടെ ചതിക്കെണിയിൽ കുരുങ്ങുന്നത്. ഒരിക്കൽ സമ്മാനം ലഭിക്കുന്നയാൾ പിന്നെ ഒരിക്കലും ഇവരുടെ വല പൊട്ടിച്ചു പോകാറില്ല. നേരത്തെ രണ്ടോ മൂന്നോ സംഘങ്ങൾ മാത്രമാണ് ഇതിനു നേതൃത്വം നൽകിയിരുന്നത്. നേരത്തെ ഏജന്റുമാർ ആയിരുന്നവർ ഇപ്പോൾ പലയിടത്തും സ്വന്തമായി ഏറ്റെടുത്തു നടത്തുന്ന സ്ഥിതിയുണ്ട്. എവിടെയാണു നറുക്കെടുക്കുന്നതെന്നോ ഇതിന്റെ വിശ്വാസ്യത സംബന്ധിച്ചോ ആർക്കും വ്യക്തതയില്ല.ഒരു നമ്പറിൽ കൂടുതൽ പേർ പണം അടച്ചാൽ ആ നമ്പർ ഒഴിവാക്കിയാണു നറുക്കെടുക്കുന്നതെന്ന ആരോപണവുമുണ്ട്. ഡി.ശിൽപ ജില്ലാ പൊലീസ് മേധാവി ആയിരുന്ന സമയത്ത് ഇതിനെതിരെ ശക്തമായ നടപടിയെടുത്തിരുന്നു.
എന്നാൽ കോവിഡ് വന്നതോടെ പൊലീസ് ശ്രദ്ധ കുറയുകയും മാഫിയ സംഘം സജീവമാവുകയും ചെയ്തു. പിടിക്കപ്പെട്ടാലും ചെറിയ തുക പിഴ അടച്ചു സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കേസാണിത്. അതുകൊണ്ട് ഒരിക്കൽ പിടിക്കപ്പെട്ടാലും ആരും ഇതു നിർത്താറില്ല. ഇതുകാരണം ദുരിതമനുഭവിക്കുന്നതു പാവപ്പെട്ട കുടുംബങ്ങളിലെ വീട്ടമ്മമാരാണ്. കൂലിപ്പണിയെടുത്ത് ഭർത്താക്കന്മാർക്കു കിട്ടുന്ന പണം മുഴുവൻ പോകുന്നത് ഇത്തരം സംഘങ്ങളുടെ കീശയിലേക്കാണ്.