പ്രവാസികള്‍ക്ക് മടങ്ങിപ്പോകാനാകാത്ത സാഹചര്യം; ഇടപെടലാവശ്യപ്പെട്ട് കേന്ദ്രത്തിന് കേരളം കത്തയച്ചു

0
247

തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് പോകേണ്ട പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ദ്ധന്‍ ശൃംഖ്‌ളയ്ക്ക് കേരളം കത്തയച്ചു. ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങാനാകാതെ നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് തൊഴില്‍സ്ഥലങ്ങളില്‍ തിരിച്ചെത്താനുള്ള അവസരമൊരുക്കണമെന്നാവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് കത്തയച്ചത്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഖത്തറും ബഹ്‌റൈനും ഒഴികെയുള്ള ജിസിസി രാജ്യങ്ങള്‍ ഇന്ത്യക്കാര്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കയാണ്. ഈ സാഹചര്യത്തില്‍ നേപ്പാള്‍, ശ്രീലങ്ക പോലുള്ള രാജ്യങ്ങള്‍ വഴി ബഹ്‌റൈനിലും ഖത്തറിലും വലിയ തോതില്‍ പ്രവാസി കേരളീയര്‍ എത്തുന്നു. തുടര്‍ന്ന് സൗദി അറേബ്യയില്‍ പോകണമെങ്കില്‍ രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിയണം എന്ന അവസ്ഥയുമുണ്ട്.

ലോകാരോഗ്യ സംഘടനയുടെ അംഗീകാരമില്ലാത്തതിനാല്‍ കോവാക്‌സിന്‍ രണ്ടു ഡോസുകള്‍ ലഭിച്ചവര്‍ക്ക് തിരിച്ചു വരാനുള്ള അനുമതി ജിസിസി രാജ്യങ്ങള്‍ നല്‍കുന്നില്ല എന്നതാണ് രണ്ടാമത്തെ പ്രശ്‌നം. വിദേശത്തു നിന്നും ഫൈസര്‍, സിനോഫാം തുടങ്ങിയ വാക്‌സിനുകളുടെ ആദ്യത്തെ ഡോസ് സ്വീകരിച്ച ശേഷം നാട്ടിലെത്തിയ നിരവധി ആളുകളുണ്ട്. അവര്‍ക്ക് രണ്ടാമത്തെ ഡോസ് ഇന്ത്യയില്‍ ലഭിക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ പ്രവേശനാനുമതി നിഷേധിക്കുന്ന സാഹചര്യവുമുണ്ട്.

ഇക്കാര്യങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഗവണ്മെന്റുകളുമായി ചര്‍ച്ച ചെയ്ത് നാട്ടില്‍ കുടുങ്ങി ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികള്‍ക്ക് എത്രയും പെട്ടെന്ന് തൊഴില്‍സ്ഥലങ്ങളില്‍ തിരിച്ചെത്താനുള്ള അവസരം ഒരുക്കേണ്ടതുണ്ട്. പ്രവാസികളുടെ തൊഴിലില്ലായ്മ രാജ്യത്തിന്റെ തന്നെ സാമ്പത്തിക സാമൂഹ്യ പ്രശ്‌നമാണ്. അതുകൊണ്ട് ഈ പ്രശ്‌നം കാലതാമസമില്ലാതെ പരിഹരിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് വിദേശകാര്യ സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here