പട്ന ∙ മലയാള സിനിമാ താരം അനുപമ പരമേശ്വരന്റെ ചിത്രം ബിഹാർ അധ്യാപക യോഗ്യതാ പരീക്ഷാഫലത്തിൽ. സെക്കൻഡറി അധ്യാപക യോഗ്യതാ പരീക്ഷയെഴുതിയ ഋഷികേശ് കുമാറിന്റെ റിസൽട്ടിലാണ് അനുപമയുടെ ചിത്രം കടന്നു കൂടിയത്. ഒരു വർഷം മുൻപു ഋഷികേശിനു പരീക്ഷാ ഹാൾ ടിക്കറ്റ് ലഭിച്ചപ്പോഴും ഫോട്ടോ അനുപമയുടേതായിരുന്നു.
ഋഷികേശ് അന്നു പരാതിപ്പെട്ടപ്പോൾ പിഴവു തിരുത്താമെന്ന് അധികൃതർ ഉറപ്പു നൽകിയതാണ്. പക്ഷേ, കഴിഞ്ഞ ദിവസം ഫലം പ്രസിദ്ധീകരിച്ചപ്പോൾ വീണ്ടും അനുപമയുടെ ചിത്രം. പരീക്ഷാഫലത്തിലെ തമാശ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. വിവാദമായതോടെ സംഭവത്തെക്കുറിച്ചു വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.
കഴിഞ്ഞ വർഷം ബിഹാർ ജൂനിയർ എൻജിനീയർ പരീക്ഷാ ഫലത്തിൽ ഒന്നാം റാങ്കിലും പേരു പിഴവുണ്ടായിരുന്നു– ബോളിവുഡ് താരം സണ്ണി ലിയോണിനായിരുന്നു അന്നു റാങ്ക് ഭാഗ്യം.