കൊൽക്കത്ത: 200 ബി ജെ പി പ്രവർത്തകർ പാർട്ടി വിട്ട് തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങി. പശ്ചിമബംഗാളിലെ ഹൂഗ്ലി ജില്ലയിലാണ് സംഭവം. ബി ജെ പിയിൽ ചേർന്നത് തെറ്റായിരുന്നുവെന്ന് അവർ പ്രതികരിച്ചു.
ചെയ്ത ‘തെറ്റിന്’ തലമുണ്ഡനം ചെയ്ത്, ഗംഗ ജലം തളിച്ച് ‘ശുദ്ധികരിച്ച’ ശേഷമാണ് ഇവർ തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങിയത്. ആറാംബാഗിൽ തൃണമൂൽ എംപിയായ അപാരുപ പോഡാറിന്റെ നേതൃത്വത്തിൽ നിർധന വിഭാഗങ്ങൾക്കായി നടന്ന സൗജന്യ ഭക്ഷണം വിതരണ ചടങ്ങിനിടെയായിരുന്നു ദലിത് വിഭാഗത്തിൽപെട്ട നൂറുകണക്കിനു പേർ തൃണമൂലിലേക്ക് തിരിച്ചെടുക്കണമെന്ന ആവശ്യവുമായി എത്തിയത്.
അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വിജയിച്ചതിന് ശേഷം നൂറ് കണക്കിനാളുകളാണ് പാർട്ടിയിലേക്ക് മടങ്ങുന്നത്. ബിജെപി ദേശീയ ഉപാദ്ധ്യക്ഷനായിരുന്ന മുകുൾ റോയിയും മകനും നേരത്തെ തൃണമൂലിൽ തിരിച്ചെത്തിയിരുന്നു.