കണ്ണൂർ: കള്ളക്കടത്തു സ്വർണം തട്ടിയെടുക്കുന്നവർക്കെതിരെ ഒരുമിച്ചു നിന്ന് തിരിച്ചടി നൽകാൻ സ്വർണക്കടത്തു സംഘങ്ങൾ ധാരണയിലെത്തി.
കാരിയർമാർ സ്വർണവുമായി മുങ്ങുന്നതും കാരിയർമാരുടെ അറിവോടെ സ്വർണം തട്ടിയെടുക്കുന്നതും വ്യാപകമായതോടെയാണു തീരുമാനമെന്നാണ് വിവരം. കുറച്ചു പേർക്കെങ്കിലും ‘പണി’ കൊടുക്കണമെന്നും ഇക്കാര്യത്തിൽ ഒരുമിച്ചു നിൽക്കണമെന്നുമാണു ധാരണ
സ്വർണം തട്ടിയെടുക്കുന്ന സംഘത്തിൽപെട്ടവരോ അവരുമായി ധാരണയുള്ളവരോ ആണ് കാരിയർമാരായി എത്തുന്നതെന്നും കടത്തുസംഘങ്ങൾ സംശയിക്കുന്നു. യുഎഇയിലെയും സൗദിയിലെയും ചെറുകിട നിക്ഷേപകരുടെ കൂട്ടായ്മകളാണ് ഇപ്പോൾ സ്വർണക്കടത്തിൽ സജീവമായിരിക്കുന്നത്.
കാരിയർമാരുടെ ഒത്താശയോടെയും അല്ലാതെയും കള്ളക്കടത്തു സ്വർണം തട്ടിക്കൊണ്ടുപോകുന്നുണ്ട്.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ ചില പ്രതികളുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ ജയിലിനുള്ളിൽ നിന്ന് സ്വർണം തട്ടിയെടുക്കൽ ആസൂത്രണം ചെയ്ത് പുറത്തുള്ള സംഘാഗങ്ങൾ വഴി നടപ്പാക്കിയ ചരിത്രവുമുണ്ട്.