‘വഞ്ചിതരാകരുത്’;ഹിന്ദുബാങ്കിനായുള്ള സംഘപരിവാര്‍ നീക്കത്തെ പ്രതിരോധിക്കാനുറച്ച് സി.പി.ഐ.എം

0
311

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഹിന്ദുബാങ്കിനായുള്ള ശ്രമങ്ങള്‍ സംഘപരിവാര്‍ ആരംഭിച്ചതോടെ പ്രതിരോധിക്കാനുറച്ച് സി.പി.ഐ.എം. ഹിന്ദു ബാങ്കുകളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിയുടേയോ വര്‍ഗ ബഹുജന സംഘടനകളുടേയോ പ്രവര്‍ത്തകര്‍ ഒരു തരത്തിലും സഹകരിക്കരുതെന്നും പാര്‍ട്ടി അനുഭാവികളും അണികളും ഇതില്‍ വഞ്ചിതരാകരുതെന്നും സി.പി.ഐ.എം. നിര്‍ദേശം നല്‍കി.

സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം ജില്ലാ സെക്രട്ടറിമാര്‍ക്കാണ് ഇക്കാര്യത്തില്‍ അടിയന്തര നിര്‍ദേശം നല്‍കിയത്. ഹിന്ദുവിന് മാത്രമായൊരു ബാങ്കും വായ്പയും ലക്ഷ്യം വെക്കുന്നത് നാടിനെ വര്‍ഗീയമായി ചേരിതിരിക്കാനാണെന്ന് സി.പി.ഐ.എം. വിലയിരുത്തി. സംഘപരിവാര്‍ നീക്കങ്ങള്‍ക്കെതിരെ ഏരിയാ അടിസ്ഥാനത്തില്‍ പ്രചാരണം ശക്തമാക്കാനാണ് പാര്‍ട്ടി തീരുമാനം.

അതേസമയം ഹിന്ദുബാങ്കുകള്‍ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാന ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു.

‘ഹിന്ദുവിന്റെ പണം ഹിന്ദുക്കള്‍ക്ക്’ എന്ന മുദ്രാവാക്യവുമായി കേരളത്തിലെ ഓരോ തദ്ദേശസ്ഥാപനങ്ങളിലും ഹിന്ദു ബാങ്കുകള്‍ ആരംഭിക്കാനാണ് സംഘപരിവാര്‍ നീക്കമെന്ന് ഞായറാഴ്ച മാധ്യമം ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മിനിസ്ട്രി ഓഫ് കോ-ഓപ്പറേറ്റീവ് അഫയേഴ്‌സിന് കീഴില്‍ കമ്പനി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത നിധി ലിമിറ്റഡ് കമ്പനികളുടെ മറവിലാണ് ഇതിനോടകം 100 ഓളം കമ്പനികള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

‘ഹിന്ദു ബാങ്ക് നിധി ലിമിറ്റഡ് കമ്പനികള്‍’ എന്നായിരിക്കും പുതിയ ബാങ്കുകളുടെ പേര്.

ആശ്രമങ്ങളും മഠങ്ങളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തില്‍ 100 ഓളം കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് വിവരം. ഇതിന് ശേഷം ഒരു പ്രദേശത്തെ ഹിന്ദു കച്ചവടക്കാരെ ഉള്‍പ്പെടുത്തി സ്ഥാപനങ്ങള്‍ ആരംഭിക്കാനാണ് നീക്കം. മൂന്ന് ഡയറക്ടര്‍മാര്‍, ഏഴ് അംഗങ്ങള്‍, അഞ്ച് ലക്ഷം രൂപയുടെ ഓഹരി മൂലധനം എന്നിവ ഉണ്ടെങ്കില്‍ നിയമവിധേയമായി നിധി ലിമിറ്റഡ് കമ്പനി ആരംഭിക്കാം. കമ്പനി ആരംഭിച്ച് ഒരു വര്‍ഷത്തിനകം വിശ്വാസികളായ 200 അംഗങ്ങളെ ചേര്‍ക്കണമെന്നാണ് നിബന്ധന.

അംഗങ്ങളില്‍നിന്നുമാത്രം നിക്ഷേപം സ്വീകരിക്കുകയും അവര്‍ക്കുമാത്രം വായ്പ കൊടുക്കുകയും ചെയ്യുന്നുവെന്നതാണ് നിധി ലിമിറ്റഡ് കമ്പനികളുടെ പ്രത്യേകത. അംഗത്വത്തിന് കെ.വൈ.സി. നിബന്ധനകള്‍ ബാധകമായിരിക്കും. ഈട് വാങ്ങിയുള്ള വായ്പകള്‍ മാത്രമേ നല്‍കൂ. കുടുംബശ്രീ, അക്ഷയശ്രീ അംഗങ്ങളെ കമ്പനിയിലേക്ക് ആകര്‍ഷിക്കുന്നതിനായി പ്രത്യേക വനിതാ യൂണിറ്റ് ലോണും സംഘപരിവാര്‍ ലക്ഷ്യമിടുന്നു.

പദ്ധതിയിലേക്ക് കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുന്നതിനായി ഹിന്ദുസംരക്ഷണ പരിവാര്‍, ഭാരതീയ ഹിന്ദു പ്രജാസംഘം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ പ്രത്യേക ക്യാംപെയ്‌നും സമൂഹമാധ്യമങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സഹകരണസംഘങ്ങളെക്കാള്‍ സുതാര്യതയോടുകൂടി എല്ലാ നിക്ഷേപങ്ങള്‍ക്കും ഉയര്‍ന്ന പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.

സ്വര്‍ണപണയ വായ്പ, വ്യവസായിക വായ്പ, പ്രതിദിന കലക്ഷന്‍ വായ്പ, വാഹനവായ്പ എന്നിവ അനുവദിക്കും. സ്ഥിരനിക്ഷേപങ്ങള്‍ക്ക് 12.5 ശതമാനം പലിശയാണ് വാഗ്ദാനം.

LEAVE A REPLY

Please enter your comment!
Please enter your name here