ബെയ്ജിങ്: 28 മണിക്കൂറിനുളളില്‍ 10 നില കെട്ടിടം പണിത് ചൈനയിലെ റിയല്‍ എസ്‌റ്റേറ്റ് ഡവലപ്പര്‍. ഭൂമികുലുക്കത്തെ ചെറുക്കാന്‍ കെല്‍പുളളതാണ് ഈ കെട്ടിടം. ചൈനയിലെ ചാങ്ഷാ നഗരത്തിലാണ് കെട്ടിടം നിർമിച്ചത്. കെട്ടിടം നിര്‍മിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
പ്രിഫ്രാബ്രിക്കേറ്റഡ് സംവിധാനം ഉപയോഗിച്ചാണ് നിർമാണം നടത്തിയത്. മുറികളുള്‍പ്പടെയുളള കെട്ടിടത്തിന്റെ ഭാഗങ്ങള്‍ നേരത്തേ ഫാക്ടറിയില്‍ നിര്‍മിക്കുകയും പിന്നീട് ഇവ കെട്ടിടം പണിയുന്ന സ്ഥലത്തെത്തിച്ച് കൂട്ടിച്ചേര്‍ക്കുകയുമാണ് ചെയ്തിരിക്കുന്നത്.
ഷിപ്പിങ് കണ്ടെയ്‌നറിന്റെ മാതൃകയില്‍ ഒരേ അളവുകളിലാണ് കെട്ടിടത്തിന്റെ ഭാഗങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ കെട്ടിടം പണിയുന്ന ഇടത്ത് ഇത് എത്തിക്കുക എളുപ്പമാണ്. കെട്ടിടം നിര്‍മിക്കുന്ന സ്ഥലത്ത് ഇവ എത്തിച്ച് ഒന്നിനുമുകളില്‍ ഒന്നായി ക്രെയിന്‍ ഉപയോഗിച്ച് ഉറപ്പിക്കുകയാണ് ചെയ്യുന്നത്.
ആവശ്യമെങ്കില്‍ കെട്ടിടം അഴിച്ചുമാറ്റി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാനും സാധിക്കും. കെട്ടിടത്തിന് നല്ല ഉറപ്പുണ്ടെന്നും ഇപ്രകാരം 200 നില കെട്ടിടം വരെ പണിതുയര്‍ത്താനാകുമെന്നുംനിർമാതാക്കൾ പറയുന്നു.