തമിഴ്‌നാട്ടില്‍ ഇന്റലിജന്‍സിന്റെ ജാഗ്രതാ നിര്‍ദ്ദേശം; ആയുധങ്ങളുമായി ബോട്ട് എത്തുന്നതായി റിപ്പോര്‍ട്ട്; കേരളത്തിലും മുന്നറിയിപ്പ്

0
245

ചെന്നൈ: തമിഴ്‌നാട്ടില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം. തമിഴ്‌നാടിന്റെ തീരപ്രദേശത്ത് തീവ്രവാദ ഭീഷണിയുണ്ടെന്നാണ് ഇന്റലിജന്‍സ് വിഭാഗം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ആയുധങ്ങളുമായി ഒരു ബോട്ട് രാമേശ്വരം തീരത്തേക്ക് സഞ്ചരിക്കുന്നുണ്ടെന്നും മുന്നറിയിപ്പുണ്ട്. കന്യാകുമാരി, തൂത്തുകുടി, ചെന്നൈ, രാമേശ്വരം തീരങ്ങളില്‍ സുരക്ഷ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കോസ്റ്റ് ഗാര്‍ഡ് പരിശോധന ആരംഭിച്ചിട്ടുണ്ട്. ശ്രീലങ്കയില്‍ നിന്നാണ് തീവ്രവാദികള്‍ എത്തുന്നതെന്നാണ് സുരക്ഷാ വിഭാഗം തരുന്ന മുന്നറിയിപ്പ്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി ശനിയാഴ്ച വൈകുന്നേരമാണ് മുന്നറിയിപ്പ് നല്‍കിയത്.

എന്നാല്‍ ബോട്ടില്‍ സഞ്ചരിക്കുന്ന വ്യക്തികളുടെയോ, ഈ ആളുകള്‍ ഏത് സംഘടനയില്‍പ്പെട്ടവരാണെന്നോ ഉള്ള വിവരങ്ങള്‍ അറിയില്ലെന്ന് വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

തമിഴ്‌നാട്ടില്‍ സുരക്ഷാ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നും ജാഗ്രത വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും ചെന്നൈ സംസ്ഥാന പോലീസ് ആസ്ഥാനത്തെ ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൂടുതല്‍ ഒന്നും പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിലേക്ക് പോകുന്ന എല്ലാ പ്രധാന റോഡുകളിലും സായുധ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. അതേസമയം കേരളത്തിലും സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ജാഗ്രത വര്‍ധിപ്പിച്ചിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here