കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ്

0
238

കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ്. തീരുമാനം കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കെ സുധാകരനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ കേരളത്തിലെ കോണ്‍ഗ്രസ് നില്‍ക്കുമ്പോഴാണ് മുല്ലപ്പള്ളി രാമചന്ദ്രന് പകരക്കാരനായി കെ സുധാകരന്‍ കെപിസിസിയുടെ തലപ്പത്ത് എത്തുന്നത്. നിലവില്‍ കണ്ണൂര്‍ എംപിയാണ് കെ സുധാകരന്‍.

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനെ നിയമിച്ചു കൊണ്ടുള്ള പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് വിവരം. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആരെ പരിഗണിച്ചാലും അംഗീകരിക്കുമെന്നായിരുന്നു കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ വിഷയത്തില്‍ പാര്‍ട്ടി നേതൃത്വത്തിനോട് പ്രതികരിച്ചത്. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ അഭിപ്രായവും പ്രവര്‍ത്തകരുടെ വികാരവുമാണ് തീരുമാനത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍.

തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിട്ട വലിയ തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മാറ്റം വേണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. പിന്നാലെ ഉയര്‍ന്ന അനിശ്ചിതത്വത്തിനും ആശയക്കുഴപ്പങ്ങള്‍ക്കും ഒടുവിലാണ് കെപിസിസി അധ്യക്ഷനായി കെ. സുധാകരന്‍ തെരഞ്ഞെടുക്കപ്പെടുന്നത്. എന്നാല്‍ പാര്‍ട്ടിയില്‍ തലമുറമാറ്റം എന്ന ആവശ്യം ഉയരുമ്പോഴാണ് 73 കാരനായ കെ സുധാകരന്‍ കേരളത്തിലെ പാര്‍ട്ടിയെ നയിക്കാന്‍ നിയോഗിക്കപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here