തുടർച്ചയായി പെട്രോൾ വില വർദ്ധനയ്‌ക്കൊടുവിൽ കേരളത്തിലും വില നൂറ് കടന്നതിന് പിന്നാലെ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ.
വൻകിട കോർപ്പറേറ്റുകൾക്കൊപ്പം നിന്ന് നിരന്തരം ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാർ അടിക്കടി ഉയർത്തുന്ന ഇന്ധനവില കാരണമുണ്ടാകുന്ന വിലക്കയറ്റം സാമ്പത്തിക വളർച്ചയ്ക്ക് വിഘാതമാവും. ഇന്ധനവില വർദ്ധന കാരണമുണ്ടാകുന്ന അവശ്യസാധനങ്ങളുടെ വിലക്കയറ്റം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ദോഷകരമായി ബാധിക്കും.
50 രൂപക്ക് പെട്രോൾ നൽകാമെന്ന ബിജെപിയുടെ വാഗ്ദാനം നാം മറന്നിട്ടില്ലെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയിൽ പറഞ്ഞു.
പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് ഇന്ന് വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 97.38 രൂപയും ഒരു ലിറ്റർ ഡീസലിന് 92.31 രൂപയുമായി.
എക്‌സ്ട്രാ പ്രീമിയം പെട്രോളിന് കേരളത്തിലെ പലയിടങ്ങളിലും നൂറ് രൂപ കടന്നു. വയനാട് സുൽത്താൻ ബത്തേരി, ഇടുക്കിയിലെ കട്ടപ്പന, അണക്കര എന്നിവിടങ്ങളാണ് വില നൂറ് കടന്നത്.
ബത്തേരിയിൽ ഒരു ലിറ്റർ എക്‌സ്ട്രാ പ്രീമിയം പെട്രോളിന് ഇന്ന് മുതൽ 100 രൂപ 24 പൈസ നൽകേണ്ടിവരും. പാലക്കാട് പെട്രോളിന് 100 രൂപ 16 പൈസും കട്ടപ്പനയിൽ ലിറ്ററിന് 100 രൂപ 35 പൈസയും അണക്കരയിൽ 101 രൂപ 3 പൈസയുമാണ് പെട്രോളിന് വില വരുന്നത്.
37 ദിവസത്തിനിടെ 21 തവണയാണ് രാജ്യത്ത് ഇന്ധനവില വർധിപ്പിക്കുന്നത്. കൊച്ചിയിൽ പെട്രോളിന് 95.43 രൂപയും ഡീസലിന് 91.88 രൂപയുമാണ് നിലവിലെ വില. കോഴിക്കോട് പെട്രോൾ ലിറ്ററിന് 95.68 രൂപയും ഡീസലിന് 91.03 രൂപയുമാണ് വില. തിരുവനന്തപുരത്ത് ഡീസലിന് 91.31 രൂപയാണ്.