അവലോകന യോഗം ചേരും; സംസ്​ഥാനത്ത്​ ലോക്​ഡൗണ്‍ നീട്ടുമോയെന്ന്​ ഇന്നറിയാം

0
264

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ലോക്​ഡൗണ്‍ തുടരണമോ എന്ന കാര്യത്തില്‍ ഇന്ന്​ തീരുമാനമുണ്ടായേക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കോവിഡ്​ അവലോകന യോഗത്തിലാകും തീരുമാനമുണ്ടാകുക.

ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി എന്നിവരടക്കമുള്ള ഉദ്യോഗസ്​ഥരും പങ്കെടുക്കുന്ന യോഗത്തില്‍ എല്ലാ കാര്യങ്ങളും വിലയിരുത്തിയ ശേഷമാകും ലോക്​ഡൗണിന്‍റെ കാര്യത്തിൽ തീരുമാനം എടുക്കുക.

ജൂൺ ഒമ്പത്​ (ബുധനാഴ്ച) വരെയാണ് സംസ്​ഥാനത്ത്​ നിയന്ത്രണങ്ങള്‍. ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ പരിശോധിച്ചായിരിക്കും സര്‍ക്കാര്‍ തീരുമാനം. ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ ഇപ്പോൾ 15ൽ താഴെയാണ്​. കഴിഞ്ഞ ദിവസം ഇത്​ 14 ആയിരുന്നു. കോവിഡ്​ രണ്ടാം തരംഗത്തിൽ ടി.പി.ആർ 30ൽ നിന്ന് 15ലേക്ക് വളരെ വേഗത്തിൽ താഴ്​ന്നെങ്കിലും അതിനുശേഷം കാര്യമായ കുറവുണ്ടാവാതിരുന്നതോടെയാണ്​​ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയത്​.

ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക് 10ലും താഴെയെത്തിയ ശേഷം മാത്രം ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്​ നൽകിയാൽ മതിയെന്നാണ്​ ആരോഗ്യവിദഗ്ധർ പറയുന്നത്​. ഇപ്പോൾ നിയന്ത്രണങ്ങൾ നീക്കിയാല്‍ രോഗബാധ കൂടുമെന്നാണ്​ മുന്നറിയിപ്പ്​.

ലോക്​ഡൗൺ സാധരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കിയ സാഹചര്യം കൂടി പരിഗണിച്ചാകും സർക്കാർ തീരുമാനം. അതുകൊണ്ട്​ ശക്​തമായ ലോക്​ഡൗൺ ഇനിയും തുടരാൻ സാധ്യതയില്ല. രോഗവ്യാപനം കൂടുതലുള്ള മേഖലകളിൽ മാത്രം നിയന്ത്രണങ്ങൾ തുടർന്നാൽ മതിയെന്ന നിർദേശം സർക്കാർ പരിഗണിക്കുന്നുണ്ട്​. നേരത്തെ ഉണ്ടായിരുന്ന ‘മിനി ലോക്​ഡൗൺ’ നടപ്പാക്കുകയെന്ന കാര്യവും സർക്കാർ ആലോചിക്കുന്നുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here