ഡൽഹി (www.mediavisionnews.in): പെട്രോളിന്റെയും ഡീസലിന്റെയും വില വീണ്ടും ഉയരുന്നതിന് കളമൊരുങ്ങുന്നു. ലിറ്ററിന്റെ വില അഞ്ചു രൂപ വരെ കൂടുന്നതിനുള്ള സാധ്യത ശക്തമാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിലിന്റെ വില ഉയരുന്നതും ഡോളർ വില 70 രൂപയിലേക്ക് അടുക്കുന്നതുമാണ് ഇതിനു പ്രധാന കാരണം. ക്രൂഡ് വില ഉയരുന്നത് മൂലം മാർജിൻ താഴ്ന്നതായി എണ്ണ വിതരണ കമ്പനികൾ പറയുന്നു. നിലവിലെ മാർജിൻ നിലനിർത്തുന്നതിന് ഉടൻ തന്നെ 2 .80 രൂപ മുതൽ 3 .70 രൂപ വരെ അടിയന്തിരമായി കൂട്ടണമെന്ന് കമ്പനികൾ സർക്കാരിനെ അറിയിച്ചതായാണ് റിപ്പോർട്ട്.
ഒരു ബാരൽ എണ്ണയുടെ വില ബുധനാഴ്ച 72 ഡോളറിന് മുകളിൽ എത്തിയിരുന്നു. 2014 നവംബർ 24 നു ശേഷമുള്ള ഏറ്റവും ഉയർന്ന വില. ഇത് ഒരു വർഷത്തിനകം 90 ഡോളർ വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് ബാങ്ക് ഓഫ് അമേരിക്ക – മെറിൽ ലിഞ്ച് പഠന റിപ്പോർട്ട് പറയുന്നത്. ഇറാനെതിരെ അമേരിക്ക ഉപരോധം കടുപ്പിക്കുന്നത് മാർക്കറ്റിലേക്കുള്ള ക്രൂഡിന്റെ സപ്ലൈ കുറയ്ക്കും. ഇത് വില വീണ്ടും കൂടുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്നു.
ഇതോടൊപ്പം രൂപയ്ക്ക്തിരെ ഡോളർ നേരിടുന്ന പതനം സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുകയാണ്. ഡോളർ വില 68 .57 രൂപയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഡോളർ വില ഒരു രൂപയിലേറെ ഉയർന്നു കഴിഞ്ഞു. ക്രൂഡ് ഓയിൽ വില കൂടുന്നതും ഡോളർ കരുത്താർജിക്കുന്നതും ക്രൂഡിന്റെ ഇറക്കുമതി ചെലവ് കുത്തനെ കൂട്ടും. അങ്ങനെ വരുമ്പോൾ എണ്ണ കമ്പനികൾ കടുത്ത സമ്മർദ്ദത്തിൽ അകപ്പെടും. ഇത് മറി കടക്കുന്നതിനാണ് ഉടനടി പെട്രോൾ, ഡീസൽ വില കൂട്ടാൻ കമ്പനികൾ ഒരുങ്ങുന്നത്.
രൂക്ഷമായ വിലകയറ്റത്തിനാണ് ഇത് വഴി തുറക്കുക . പണപ്പെരുപ്പം ഉയർന്ന തട്ടിൽ തുടരുന്നതിനാൽ പലിശ നിരക്കുകൾ വീണ്ടും കൂട്ടേണ്ടി വരും. അത്യന്തം സങ്കീർണ്ണമായ, സാധാരണക്കാരന് ഒരു വിധത്തിലും ജീവിക്കാൻ പറ്റാത്ത ഒരു അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. പെട്രോൾ, ഡീസൽ വില ഉയരുന്നത് കൂനിന്മേൽ കുരു പോലെയാകും.