രാജ്യത്തെ ഏറ്റവും വൃത്തികെട്ട ഭാഷ കന്നഡയെന്ന് ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ട്; നിയമനടപടിയുമായി കര്‍ണ്ണാടക, ഒടുവില്‍ മാപ്പു പറച്ചില്‍

0
281

ബെംഗളുരൂ: രാജ്യത്തെ ഏറ്റവും വൃത്തികെട്ട ഭാഷ ഏതെന്ന ചോദ്യത്തിന് കന്നഡയെന്ന് ഉത്തരം നല്‍കി ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍. ഒടുവില്‍ തങ്ങളുടെ ഭാഷയെ അപമാനിക്കുന്നുവെന്ന് കാട്ടി കര്‍ണ്ണാടക തന്നെ രംഗത്തെത്തിയതോടെ വെബ്‌സൈറ്റില്‍ നിന്ന് ഉത്തരം നീക്കം ചെയ്യുകയായിരുന്നു. ഒരു വെബ്‌സൈറ്റ് രേഖപ്പെടുത്തിയ വിവരമാണ് ഗൂഗിള്‍ സെര്‍ച്ചില്‍ പ്രത്യക്ഷപ്പെട്ടത്.

ഗൂഗിളിന്റെ ഈ നടപടിയ്‌ക്കെതിരെ ട്വിറ്ററിലും വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. നിരവധി പേരാണ് ഈ ഉത്തരമടങ്ങുന്ന സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ച് രംഗത്തെത്തിയത്.

തുടര്‍ന്ന് ഗൂഗിളിന്റെ നടപടിയില്‍ വിശദീകരണമാവശ്യപ്പെട്ട് കര്‍ണ്ണാടക സര്‍ക്കാര്‍ കമ്പനിയ്‌ക്കെതിരെ ലീഗല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. കര്‍ണ്ണാടക സാംസ്‌കാരിക വകുപ്പ് മന്ത്രി അരവിന്ദ് ലിംബാവലി ഇക്കാര്യം ട്വീറ്റ് ചെയ്യുകയും ചെയ്തു.

2500ലധികം വര്‍ഷം പഴക്കമുള്ള ഭാഷയാണ് കന്നഡയെന്നും ചരിത്രപ്രാധാന്യമുണ്ടെന്നും ലിംബാവലി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട ഭാഷയായി കന്നഡയെ ചിത്രീകരിക്കുന്നതിലൂടെ കന്നഡിഗരുടെ അഭിമാനത്തെ അവഹേളിക്കുകയാണ് ഗൂഗിളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ഏറ്റവും മോശം ഭാഷ കന്നടയെന്ന് ഗൂഗിള്‍; നിയമനടപടിയുമായി കര്‍ണാടക സര്‍ക്കാര്‍

രാജ്യത്തെ ഭാഷകളെ ഇത്തരത്തില്‍ അവഹേളിക്കുന്നതിനെ നിയന്ത്രിക്കാന്‍ ഗൂഗിളിന് കഴിയില്ലെ എന്നാണ് മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ചോദിച്ചത്. അതിനിടെ സംഭവത്തില്‍ ഗൂഗിള്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ട് ബെംഗളൂരു സെന്‍ട്രലില്‍നിന്നുള്ള ലോക്‌സഭാംഗം പി.സി. മോഹനും രംഗത്തെത്തിയിരുന്നു.

തുടര്‍ന്ന് സംഭവത്തില്‍ വിശദീകരണവുമായി ഗൂഗിളും രംഗത്തെത്തി. ഒരു വിഭാഗത്തിന്റെയും പൊതുവികാരത്തെ വ്രണപ്പെടുത്താന്‍ മനപ്പൂര്‍വ്വം ചെയ്തതല്ലെന്നും വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഗൂഗിള്‍ അധികൃതര്‍ പറയുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here