ഇസ്രയേലില്‍ നെതന്യാഹു പുറത്തേക്ക്; ഭരണം പിടിക്കാൻ പ്രതിപക്ഷ സഖ്യം

0
271

പത്തുവര്‍ഷത്തിലേറെയായി ഇസ്രയേല്‍ പ്രധാനമന്ത്രിയായി തുടരുന്ന ബെന്യമിന്‍ നെതന്യാഹുവിന് സ്ഥാനം നഷ്ടമായേക്കും. പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യം രൂപീകരിച്ചതാണ് രണ്ടുവര്‍ഷത്തിനിടെ നാല് ഇലക്ഷനുകള്‍ കണ്ട രാജ്യത്ത് ഭരണമാറ്റത്തിന് വഴിയൊരുക്കുന്നത്. സര്‍ക്കാര്‍ രൂപീകരണത്തിന് ആവശ്യമായ പിന്തുണ ലഭിച്ചതായി  പ്രതിപക്ഷ നേതാവ് യയ്‌ർ ലപീദ് പ്രസിഡന്റ് റൂവന്‍ റിവ്‌ലിനെ അറിയിച്ചു. തീവ്ര വലതുപക്ഷ യമിന പാർട്ടിയുടെ നേതാവ് നഫ്താലി ബെനറ്റുമായാണ് ലപീദ് സഖ്യമുണ്ടാക്കിയത്. ആദ്യ രണ്ടുവര്‍ഷം ബെനറ്റ് പ്രധാനമന്ത്രിയാവും. രണ്ടു മാസം മുൻപു നടന്ന തിരഞ്ഞെടുപ്പിലും ആർക്കും ഭൂരിപക്ഷമില്ലാതെ വന്നതോടെ, ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ലിക്കുഡ് പാർട്ടിയുടെ തലവനായ നെതന്യാഹുവിനെ സർക്കാരുണ്ടാക്കാൻ പ്രസിഡന്റ് ആദ്യം ക്ഷണിച്ചിരുന്നു.

ലിക്കുഡ് പാര്‍ട്ടിക്ക് 52 സീറ്റ് ലഭിച്ചിരുന്നു.  നെതന്യാഹു വിരുദ്ധ പക്ഷത്തിന് 57 സീറ്റുകളും. നെതന്യാഹുവിന് പിന്തുണ നേടാന്‍ കഴിയാതെ വന്നതോടെ അവസരം ലപീദിനു ലഭിച്ചു.   7 സീറ്റുകൾ നേടിയ വലതുപക്ഷ പാർട്ടി യമിനയുടെയും 4 സീറ്റുകൾ നേടിയ അറബ് കക്ഷി റാആമിന്റെയും നിലപാടുകൾ ഇതോടെ നിര്‍ണായകമായി. അവരുടെ പിന്തുണ നേടാന്‍ ചില വിട്ടുവീഴ്ചകളിലൂടെ ലപീദിനു കഴിയുകയും ചെയ്തു.   സത്യപ്രതിജ്ഞയ്ക്ക് പത്തുദിവസം ബാക്കിയുള്ളതിനാല്‍ നെതന്യാഹൂ അപ്രതീക്ഷിത നീക്കങ്ങളിലൂടെ ഈ ധാരണ അട്ടിമറിക്കാനിടയുണ്ടെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here