2015ൽ ഓസ്ട്രേലിയയുടെ ലോകകപ്പ് ജേതാവ്, ഉപജീവനത്തിന് ഇപ്പോൾ ആശാരിപ്പണി; അമ്പരപ്പിക്കുന്ന ജീവിതകഥ

0
368

മെൽബൺ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചാൽ മിക്കവരും ക്രിക്കറ്റുമായി ബന്ധപ്പെട്ട മേഖലകളിൽ തന്നെയാണ് പ്രവർത്തിക്കാറുള്ളത്. കമന്റേറ്റർ, പരിശീലകൻ, ടിവി അവതാരകൻ, അംപയർ അങ്ങനെ പോകുന്നു വിരമിച്ച താരങ്ങൾക്കുള്ള അവസരങ്ങൾ. സുനിൽ ഗവാസ്കർ മുതൽ പുതുതലമുറയിലെ താരങ്ങൾവരെ കമന്റേറ്റർമാരായും അവതാരകരായും നിറഞ്ഞുനിൽക്കുന്നു. എല്ലാ ടീമുകളുടെയും പരിശീലകർ മുൻതാരങ്ങൾ. എന്നാൽ 2015ൽ ലോകകപ്പ് നേടിയ ടീമിലെ ഓസ്ട്രേലിയൻ ടീമിലെ താരമായിരുന്ന സേവ്യർ ദോഹർട്ടിയുടെ വഴി ഇതൊന്നുമല്ല.

2017ലാണ് ദോഹർട്ടി ക്രിക്കറ്റ് മതിയാക്കിയത്. ക്രിക്കറ്റുമായി ബന്ധപ്പെട്ട് നിൽക്കാൻ തന്നെയായിരുന്നു ആദ്യ ശ്രമം. പക്ഷേ ഒന്നും ശരിയായില്ല. വരുമാനില്ലാതെ മുന്നോട്ട് പോകാനാവില്ല. കിട്ടിയ പണികളൊക്കെ ചെയ്തു. ഒടുവിൽ ആശാരിപ്പണി ഉറപ്പിച്ചു.

ഓസ്ട്രേലിയൻ ക്രിക്കറ്റ് അസോസിയേഷൻ(എസിഎ) പുറത്തുവിട്ട വീഡിയിയോയിലൂടെയാണ് ദോഹർട്ടിയുടെ പുതിയ കരിയറിനെക്കുറിച്ച് ആരാധകരും അറിഞ്ഞത്. ജോലിയില്ലാതെ പ്രയാസപ്പെട്ട ദോഹർട്ടിക്ക് പുതിയ ജീവതം തുറന്ന് കൊടുത്തതും താരങ്ങളുടെ സംഘടനയാണ്. പുതിയ തൊഴിൽ പഠിച്ചു വരുന്നതേയുള്ളൂവെന്നും ഇത് താൻ ആസ്വദിക്കുന്നുവെന്നും ദോഹർട്ടി വീഡിയോയിൽ പറയുന്നു.

ക്രിക്കറ്റിൽ നിന്ന് വിരമിച്ചപ്പോൾ എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നുവെന്നും ലാൻഡ്സ്കേപ്പിം​ഗ്, ഓഫീസ് ജോലികളും ക്രിക്കറ്റുമായി ബന്ധപ്പെട്ട ജോലികളുമെല്ലാം ചെയ്തുവെന്നും ഒന്നും ശരിയാവാതെയാണ് ഒടുവിൽ ഇവിടെ എത്തിയതെന്നും ദോഹർട്ടി പറയുന്നു.

2010ൽ ശ്രീലങ്കയ്‌ക്കെതിരെ ആയിരുന്നു ഇടംകൈയൻ സ്പിന്നറായ ദോഹർട്ടിയുടെ ഏകദിന അരങ്ങേറ്റം. അരങ്ങേറ്റ മത്സരത്തിൽ 46 റൺസിന് നാലു വിക്കറ്റ് വീഴ്ത്തി തിളങ്ങി. ഇതേ വർഷം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് ക്രിക്കറ്റിലുമെത്തി. നാലു ടെസ്റ്റിൽ ഏഴു വിക്കറ്റും 60 ഏകദിനത്തിൽ 55 വിക്കറ്റും 11 ട്വന്റി20യിൽ നിന്ന് 10 വിക്കറ്റും നേടി.

LEAVE A REPLY

Please enter your comment!
Please enter your name here