കടലാക്രമണത്തിന്‍റെ ഏറ്റവും ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് കാസര്‍കോട് ഉപ്പള മൂസോടി കടപ്പുറത്ത് ഇന്നും കാണാനാവുക. തീരത്ത് കടല്‍ക്ഷോഭത്തില്‍ ഇതുവരെ തകര്‍ന്നത് ഇരുപതിലേറെ വീടുകളാണ്. പുലിമുട്ട് ഉള്‍പ്പെടെയുണ്ടെങ്കിലും കടല്‍ക്ഷോഭത്തിന് കുറവൊന്നുമില്ല.
രണ്ടാഴ്ച മുന്‍പ് വീശിയടിച്ച ടൗട്ടെ ചുഴലിക്കാറ്റിന്‍റെ തീവ്രത കൂടുതല്‍ വ്യക്തമായത് ഈ ദൃശ്യങ്ങളിലൂടെയായിരുന്നു. അന്ന് തകര്‍ന്നുവീണ കോണ്‍ക്രീറ്റ് വീടിന്‍റെ കമ്പിയിളക്കി മാറ്റുകയാണിപ്പോള്‍. ഇതുപോലെ ജനിച്ചുവളര്‍ന്ന വീട്ടില്‍നിന്ന് മരണഭയം കാരണം വീടുപേക്ഷിച്ച നിരവധി കുടുംബങ്ങള്‍ മംഗല്‍പ്പാടി പഞ്ചായത്തിലെ മൂസോടി കടപ്പുറത്തുണ്ട്. മഞ്ചേശ്വരത്തെ മല്‍സ്യബന്ധന തുറമുഖം വന്നതിനുശേഷമാണ് ഈ പ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായത് എന്ന് ചില നാട്ടുകാരെങ്കിലും പരാതി പറയുന്നുണ്ട്. പുലിമുട്ടുകള്‍ അവിടവിടെയായി ഉള്ളതാണ് കടല്‍ക്ഷോഭത്തിന്‍റെ തീവ്രത കുറയ്ക്കുന്നത്. എന്നാല്‍ പുലിമുട്ട് നിര്‍മാണത്തിലെ പോരായ്മകള്‍ ജനപ്രതിനിധികള്‍ക്ക് തന്നെ പങ്കുവയ്ക്കാനുണ്ട്.
മഞ്ചേശ്വരം തുറമുഖത്തോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ കടല്‍ഭിത്തിയുണ്ട്. എന്നാല്‍ കഴിഞ്ഞ കടല്‍ക്ഷോഭത്തില്‍ അതും തകര്‍ന്നു. പുലിമുട്ടിനും കടല്‍ഭിത്തിക്കും പലയിടങ്ങളിലും ഒരുപരിധി വരെ കടല്‍ക്ഷോഭത്തെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവയും അശാസ്ത്രീയമായാല്‍ യാതൊരു പ്രയോജനവും ചെയ്യില്ല എന്നാണ് മൂസോടി കടപ്പുറത്തെ തകര്‍ന്ന വീടുകളുടെ ഈ കാഴ്ച പറഞ്ഞുതരുന്നത്.