ന്യൂഡൽഹി: രാജ്യത്ത് വീഡിയോ കോൾ ആപ്പുകൾക്ക് നിയന്ത്രണം കൊണ്ടുവന്നേക്കാമെന്ന് റിപ്പോർട്ട്. കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച് നീക്കങ്ങൾ നടത്തുന്നതായിട്ടാണ് സൂചന. വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. നിലവിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട് വീഡിയോ കോൾ ആപ്ലിക്കേഷൻ നിയന്ത്രണം കൂടെ പരിഗണിക്കാനാണ് സാധ്യത. അങ്ങനെ വന്നാൽ ഫേസ്ബുക്ക് മെസഞ്ചർ, ഇൻസ്റ്റാഗ്രാം, വാട്സാപ്പ്, ബോട്ടിം, ഐഎംഒ, സ്കൈപ്പ് തുടങ്ങിയ നിരവധി ആപ്പുകൾക്ക് പിടിവീഴും. കേന്ദ്ര സർക്കാർ പരിഷ്കാരം അടുത്ത വർഷത്തോടെ നിലവിൽ വരുമെന്നും അഭ്യൂഹങ്ങളുണ്ട്.
വീഡിയോ കോൾ ആപ്പുകൾ രാജ്യത്ത് നിയന്ത്രണമില്ലാതെ പ്രവർത്തിക്കുന്നുവെന്നാണ് കേന്ദ്ര വിലയിരുത്തൽ. വീഡിയോ കോളിംഗ് ആപ്പുകൾ ഏതെങ്കിലും നിയമത്തിന്റെ അടിസ്ഥാനത്തിലല്ല നിലവിൽ പ്രവർത്തിക്കുന്നത്. ഐടി ആക്ട് പരിഷ്കരിക്കുന്നതിനൊപ്പം ഇക്കാര്യം പരിഗണിക്കും. ആദ്യഘട്ടത്തിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ആപ്പുകളെ നിരോധിക്കാനാവും കേന്ദ്രം ശ്രമിക്കുക. ഇത് പിന്നീട് മറ്റു ആപ്ലിക്കേഷനുകളിലേക്കും നിയന്ത്രണം വ്യാപിപ്പിക്കും.
രാജ്യ സുരക്ഷ മുൻനിർത്തിയാണ് നിയന്ത്രണങ്ങളെല്ലാം എന്നായിരിക്കും കേന്ദ്ര വിശദീകരണം. വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളില്ലാത്ത സ്ഥിതിക്ക് ഏത് തരത്തിലാവും നിയന്ത്രണങ്ങളെന്ന് വ്യക്തമല്ല. ഐടി നിയമം ഭേദഗതി ചെയ്യുന്നതിനെ ചൊല്ലിയുള്ള വിവാദങ്ങൾ കെട്ടടങ്ങും മുൻപ് പുതിയ് നീക്കമുണ്ടാവില്ലെന്നും സൂചനയുണ്ട്.