ഉത്തരവ് രാഷ്ട്രീയ പ്രേരിതമാണെന്നും മഹാമാരിക്കാലത്ത് അധ്യാപകരുടേയും വിദ്യാര്‍ഥികളുടേയും ജീവന് ഭീഷണിയാണ് ഉത്തരവെന്നും കെപിഎസ്ടിഎ സംസ്ഥാന അധ്യക്ഷന്‍ എം സലഹുദ്ദീന്‍ പറഞ്ഞു. കുട്ടികള്‍ തന്റെ സന്ദേശം വായിക്കണമെന്ന് മുഖ്യമന്ത്രിക്ക് ആഗ്രഹമുണ്ടെങ്കില്‍ സന്ദേശം ഓണ്‍ലൈനായി പ്രസിദ്ധീകരിക്കാനുള്ള സംവിധാനമുണ്ടാക്കണമായിരുന്നുവെന്നും ഉത്തരവ് ജനങ്ങളുടെ സാമാന്യബോധത്തെ ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ആശംസാകാര്‍ഡ് വിതരണം നടക്കണമെന്നായിരുന്നു പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നിര്‍ദ്ദേശിച്ചിരുന്നത്. കുട്ടികള്‍ സ്‌ക്കൂളില്‍ എത്തി പഴയ നിലയില്‍ ക്ലാസ് തുടങ്ങാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റേയും ഉന്നതാധികാര സമിതികളുടേയും അനുമതി വേണം. അതിനാല്‍ കൈറ്റ് വിക്ടേഴ്‌സ് ക്ലാസ് വഴി ഡിജിറ്റല്‍ ക്ലാസുകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു. തുടക്കത്തില്‍ കുട്ടികള്‍ക്ക് ഡിജിറ്റല്‍ ക്ലാസുകളും പിന്നീട് ബ്രിഡ്ജ് ക്ലാസുകളും നടത്തും. ഡിജിറ്റല്‍ ക്ലാസുകളില്‍ കഴിഞ്ഞ വര്‍ഷത്തെ പാഠം ആവര്‍ത്തിക്കാതെ ഭേദഗതി വരുത്തും. തുടക്കത്തില്‍ കുട്ടികള്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ക്ലാസുകളും മുന്‍ വര്‍ഷത്തെ പാഠങ്ങളുമായി ബന്ധപ്പെടുത്തി ബ്രിഡ്ജിങ് ക്ലാസുകളും നടത്തുമെന്നും മന്ത്രി അറിയിച്ചു.