ലോക്ക്ഡൗണിനെ മറികടക്കാന്‍ വിമാനത്തില്‍ കല്യാണം നടത്തി പുലിവാലു പിടിച്ചു മധുരയിലെ നവദമ്പതികള്‍. ഞായറാഴ്ചയാണ് മധുരയില്‍ നിന്ന് തൂത്തുക്കുടിയിലേക്കു ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ ആകാശവിവാഹം നടന്നത്. ദമ്പതികള്‍ക്കെതിരെ പൊലീസും വിമാന കമ്പനിക്കെതിരെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും അന്വേഷണം തുടങ്ങി. പൈലറ്റിനെയും മറ്റുജീവനക്കാരെയും താല്‍കാലികമായി ജോലിയില്‍ നിന്ന് നീക്കി.
വിവാഹ ചടങ്ങുകളില്‍ പത്തുപേര്‍ക്കു പങ്കെടുക്കാനാണ് നിലവില്‍ തമിഴ്നാട്ടില്‍ സര്‍ക്കാരിന്റെ അനുമതി.മധുരയിലെ രാജേഷെന്ന യുവാവ് നിയന്ത്രണം മറിടക്കാന്‍ കണ്ട മറുവഴിയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായതിനു പിറകെ കേസായത്.ഭൂമിയില്‍ മാത്രമേ നിയന്ത്രണമൊള്ളൂ.ആകാശത്ത് എത്രപേരെയും കൂട്ടി വിവാഹചടങ്ങ് നടത്താമെന്ന ബുദ്ധിയില്‍ സ്പെസ് ജെറ്റിന്റെ വിമാനം ചാര്‍ട്ടര്‍ ചെയ്തു.167 ബന്ധുക്കളെയും വധു ദക്ഷിണയെയും കൂട്ടി ഞായറാഴ്ച രാവിലെ ഏഴുമണിയോടെ മധുര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നു.ടേക്ക് ഓഫ് കഴിഞ്ഞു മിനിറ്റുകള്‍ക്കകം വിമാനം മധുര മീനാക്ഷി കോവിലിന് മുകളിലെത്തി.താഴെ ദേവിയെയും വിമാനത്തില്‍ പ്രിയപെട്ടവരെയും സാക്ഷിയാക്കി രാജേഷ് ദക്ഷിണയെ മിന്നുകെട്ടി.
ദൃശ്യങ്ങള്‍ വൈറലായതോടെ പണിപാളി.വ്യോമയാന രംഗത്തെ നിയമങ്ങള്‍ ലംഘിച്ചതിനെ കുറിച്ചു ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സ്പൈസ് ജെറ്റിനോടു വിശദീകരണം തേടി.പൈലറ്റടക്കമുള്ള ജോലിക്കാരെ മാറ്റിനിര്‌ത്താന്‍ നിര്‍ദേശിച്ചു.യാത്രക്കിടെ വിമാനത്തില്‍ വീഡിയോഗ്രഫി അനുവദിച്ചത് കമ്പനിക്കു കുരുക്കായി.വാടകയിനത്തില്‍ കിട്ടിയതിന്റെ ഇരട്ടിയിലേറെ പിഴയൊടുക്കേണ്ടിവരുമെന്നാണ് ഈമേഖലയിലുള്ളവര്‍ പറയുന്നത്.അതേസമയം വിവാഹം കഴിഞ്ഞ് ഭൂമിയിലെത്തിയ രാജേഷിനും പത്നിക്കും ബന്ധുക്കള്‍ക്കുമെതിരെ മധുര പൊലീസും അന്വേഷണം തുടങ്ങി.കേസിന് പുറമെ ആകാശ വിവാഹത്തില്‍ പങ്കെടുത്തവരെയെല്ലാം ക്വാറന്റീനിലാക്കാനാണു നിലവില്‍ പൊലീസ് ആലോചിക്കുന്നത്.