മലപ്പുറം വണ്ടൂര്‍ വാണിയമ്പലത്ത്, ലോക്ഡൗണ്‍ ലംഘിച്ചെന്ന പേരില്‍ യുവാവിനെ ബലപ്രയോഗിച്ച് ജീപ്പില്‍ കയറ്റിയതിന് വിശദീകരണവുമായി പൊലീസ്. ഉദ്യോഗസ്ഥരോട് തട്ടിക്കയറിയ യുവാവിനെ ജീപ്പില്‍ കയറ്റി കൊണ്ടുപൊകാനുള്ള ശ്രമം തെറ്റിദ്ധാരണ പരത്തുംവിധം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്നാണ് പൊലീസ് ഭാഷ്യം.
നാലഞ്ചു പൊലീസുകാര്‍ ചേര്‍ന്ന് യുവാവിനെ ബലമായി ജീപ്പില്‍ കയറ്റുന്നത് സങ്കടകരമായ കാഴ്ചയാണന്ന പേരിലാണ് ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. തൊട്ടടുത്ത വണ്ടൂര്‍ ടൗണില്‍ മല്‍സ്യമുണ്ടായിട്ടും മൂന്നു കിലോമീറ്റര്‍ മാറിയുളള വാണിയമ്പലത്തെ കടയിലേക്ക് എന്ന പേരിലെത്തിയ ചെട്ടിയാറമ്മല്‍ സ്വദേശി ബാദുഷയേയാണ് പൊലീസ് പിടികൂടിയത്. ലോക്ഡൗണ്‍ ലംഘിച്ചതിന്റെ പേരില്‍ വഴിയില്‍ വച്ച് നേരത്തേയും പലവട്ടം പിടിയാലയ ബാദുഷയുടെ ബൈക്ക് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസിനോട് തട്ടിക്കയറി. കയ്യേറ്റത്തിനു ശ്രമിച്ചതോടെ ബലമായി ജീപ്പില്‍ കയറ്റേണ്ടി വന്നെന്നാണ് പൊലീസ് വിശദീകരണം.
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിനും പൊലിസിന്റെ ഒൗദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനുമാണ് കേസെടുത്തത്. ബൈക്കും കസ്റ്റഡിയിലെടുത്തു. ട്രിപ്പിള്‍ ലോക്ക് ഡൗണിനൊപ്പം പൂർണ്ണ കണ്ടെയിന്‍മെന്റ് സോൺ കൂടിയാണ് വണ്ടൂർ ഗ്രാമപഞ്ചായത്ത്.