ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നു; പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഭാവുകങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി

0
282

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ പ്രതിപക്ഷ നേതാവായി എഐസിസി നിര്‍ദേശിച്ച വിഡി സതീശന് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് വഴിയാണ് മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചത്.  പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുന്ന ശ്രീ. വി ഡി സതീശന് അഭിനന്ദനങ്ങൾ. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിയ്ക്കുമായി ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു, മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

അതേ സമയം പ്രതിപക്ഷ നേതാവ് സ്ഥാനം പുഷ്പകിരീടമല്ലെന്ന വിശ്വാസം ഉണ്ട്. എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് സ്ഥാനത്തിന്റെ മഹത്വം ഉൾക്കൊണ്ട് കോണ്‍ഗ്രസിനേയും യുഡിഎഫിനേയും തിരിച്ച് കൊണ്ട് വരാൻ കഠിന പരിശ്രമം നടത്തും. എല്ലാവരേയും ഒരുമിച്ച് നിര്‍ത്താനും മുന്നോട്ട് നയിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരുടേയും പിന്തുണ വേണമെന്നും വിഡി സതീശൻ പ്രതികരിച്ചു.

കോൺഗ്രസിലെ തലമുറ മാറ്റം എന്നാൽ ഉമ്മൻ‌ചാണ്ടി, രമേശ്‌ ചെന്നിത്തല എന്നിവരുടെ നിർദ്ദേശം അവഗണിച്ചു പോകുക എന്നല്ല. ക്രിയാത്മകമായ പ്രതിപക്ഷം വേണം എന്ന് സിപിഎം പോലും ആഗ്രഹിക്കുന്നു . ഏകാധിപത്യത്തിലേക്ക് വച്ചിരിക്കുന്ന ഏണികൾ മറച്ചിടും. പ്രവർത്തകർ ആഗ്രഹിക്കുന്നത് ഒറ്റക്കെട്ടായി പോകുക എന്നാണ്, ഗ്രൂപ്പ് അതിപ്രസരം പ്രവർത്തനത്തെ ബാധിക്കരുത് എന്നും വിഡി സതീശൻ പറഞ്ഞു.

വി ഡി സതീശനെ പതിനഞ്ചാം കേരള നിയമസഭയിൽ രമേശ് ചെന്നിത്തലയ്ക്ക് പകരം പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തതായി ഹൈക്കമാൻഡ് ശനിയാഴ്ച രാവിലെയാണ് പ്രഖ്യാപിച്ചത്. ഇക്കാര്യം ഹൈക്കമാൻഡ് പ്രതിനിധിയായ മല്ലികാർജുൻ ഖാർഗെ സംസ്ഥാനഘടകത്തെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here