ക്ഷണിക്കപ്പെട്ട 500 പേരെ പങ്കെടുപ്പിച്ചുകൊണ്ട് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ നടത്തുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. കൊവിഡ്-19 ഗുരുതര സാഹചര്യത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങ് മാമാങ്കമായി നടത്തുന്നത് തെറ്റായ രീതിയാണെന്നും പ്രതിപക്ഷത്തിന് ഇതിനോട് പൂര്‍മായ വിയോജിപ്പാണെന്നും എംഎം ഹസ്സന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കില്ല, മറിച്ച് മുഖ്യമന്ത്രി പറഞ്ഞത് പ്രകാരം വീട്ടിലിരുന്ന് കൊണ്ട് ടിവിയിലൂടെ വെര്‍ച്വലായി സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നും ഹസ്സന്‍ നിലപാട് വ്യക്തമാക്കി.
‘മാമാങ്കമായി സത്യപ്രതിജ്ഞ നടത്തുന്നത് ശരിയല്ല. മുഖ്യമന്ത്രി പറഞ്ഞത് ഭാര്യാ ഭര്‍ത്താക്കന്മാര്‍ പോലും വീടുകളില്‍ അകലം പാലിച്ച് നില്‍ക്കണം എന്നാണ്, മാസ്‌ക് ധരിക്കണം എന്ന മുന്നറിയിപ്പാണ് മുഖ്യമന്ത്രി നല്‍കിയത്. ആ സാഹചര്യത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങ് ഇത്തരത്തില്‍ മാമാങ്കമായി നടത്തുന്നത് ശരിയല്ല. മറ്റ് സംസ്ഥാനങ്ങളില്‍ നടന്നത് പോലെ ലളിതമായ ചടങ്ങില്‍ സത്യപ്രതിജ്ഞ നടത്തണം. ഇന്നലെ മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട് എല്ലാവരും ടിവിയിലൂടെ സത്യപ്രതിജ്ഞ കാണണമെന്ന്. യുഡിഎഫിന്റെ എംഎല്‍എമാരും എംപിമാരും സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കുന്നില്ല. ടിവിയിലൂടെ ഞങ്ങള്‍ ഇത് കാണും. വെര്‍ച്വലായി പങ്കെടുക്കും. വലിയ ഗുരുതര സാഹചര്യത്തില്‍ ഇത് നടത്തുന്നതിനോട് പ്രതിപക്ഷത്തിന് പൂര്‍ണണായ എതിര്‍പ്പാണ്.’ എംഎം ഹസന്‍ പറഞ്ഞു.
500 പേരെ ഉള്‍പ്പെടുത്തി സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നതിനെതിരെ ഇതിനകം പ്രതിഷേധം ശക്തമാണ്. 500 പേരെ ഉള്‍ക്കൊള്ളിച്ച് മെയ് 20 നാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്ത് നടക്കുന്നത്. സത്യപ്രതിജ്ഞ രാജ്ഭവനില്‍ നടത്താന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും സീനിയര്‍ ജഡ്ജിക്കും അനില്‍ തോമസ് എന്ന അഭിഭാഷകനും ഡെമോക്രറ്റിക് പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ജോര്‍ജ് സെബാസ്റ്റ്യനും പരാതി നല്‍കിയിട്ടുണ്ട്. ഹെക്കോടതി ചീഫ് ജസ്റ്റിസിനും സീനിയര്‍ ജഡ്ജിക്കും പരാതി നല്‍കിയത്. കൊവിഡ് സാഹചര്യത്തില്‍ 700 ല്‍ കൂടുതല്‍ പേരെ വരെ ഉള്‍പ്പെടുത്തി സത്യപ്രതിജ്ഞ നടത്താന്‍ നീക്കമെന്ന് പരാതി ആരോപിക്കുന്നു.
കോടതി സ്വമേധയാ കേസ് എടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ട്രിപ്പിള്‍ ലോക് ഡൗണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് ചടങ്ങ് നടത്തുന്നത് നിയമലംഘനമാണെന്നും പരാതിക്കാര്‍ കത്തില്‍ പറയുന്നു പരാതി അടിയന്തിര പ്രാധാന്യമുള്ളതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.