പൊലീസ് എത്തിയപ്പോൾ ഉപയോക്താക്കളെ മുറിയിലാക്കി വാതിലടച്ചു; രഹസ്യമായി നടത്തിയ വസ്ത്ര വിൽപ്പന പൊളിച്ച് പൊലീസ്

0
324

നാദാപുരം: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് രഹസ്യമായി വ്യാപരം നടത്തി തുണിക്കടകൾ. നാദാപുരം കല്ലാച്ചി സംസ്ഥാന പാതയിലെ ഹാപ്പി വെഡ്ഡിങ്ങിൽ പൊലീസ് പരിശോധന നടത്തുമ്പോൾ ഒട്ടേറെ ഉപയോക്താക്കൾ കടയിൽ ഉണ്ടായിരുന്നു.

വസ്ത്രം വാങ്ങാനെത്തിയവരെ പൊലീസ് പരിശോധനയ്ക്ക് വരുന്നത് കണ്ട് ജീവനക്കാർ ഒരു മുറിയിലാക്കി അടച്ചു. ‌എന്നാൽ പൊലീസ് ഇവരെ കണ്ടെത്തി. എല്ലാവർക്കും എതിരെ കേസെടുത്തിട്ടുണ്ട്. 32,000 രൂപയാണ് പിഴയായി ചുമത്തിയത്. ഈ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കാൻ പഞ്ചായത്ത് അധികൃതർക്ക് പൊലീസ് നോട്ടീസ് നൽകി.

നാദാപുരത്ത് ഈറ എന്ന തുണിക്കട ലോക്ക്ഡൗണിൽ അനധികൃതമായി പ്രവർത്തിക്കുന്നതായും കണ്ടെത്തി. മുൻഭാ​ഗത്തെ ഷട്ടറുകൾ താഴ്ത്തി മാളിന്റെ പിന്നിലൂടെയാണ് കടയ്ക്കുള്ളിലേക്ക് പ്രവേശനം നൽകിയിരുന്നത്. കടയിൽ എത്തിയവർക്കെതിരേയും നടപടി ഉണ്ടാവും.

കോഴിക്കോട് ചൊവ്വാഴ്ച കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ 831 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ലോക്ക്ഡൗൺ പാലിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച പരിശോധനകൾ ശക്തമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here