തിരുവനന്തപുരം: ചെറിയ പെരുന്നാള്‍ വ്യാഴാഴ്ചയാണെന്ന അറിയിപ്പുവന്നതോടെ ഇത്തവണത്തെ അവസാനത്തെ വ്രതം അനുഷ്ഠിക്കുകയാണ് വിശ്വാസികള്‍. ഇന്നലെ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ കേരളത്തില്‍ ചെറിയ പെരുന്നാള്‍ മെയ് 13 ന് ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചിരുന്നു. മാസപിറവി കാണാത്തതിനാല്‍ റംസാന്‍ മുപ്പത് പൂര്‍ത്തിയാക്കിയാണ് വ്യാഴാഴ്ച പെരുന്നാള്‍ ആഘോഷിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇത്തവണ നമസ്‍കാരം വീട്ടില്‍ വെച്ച് നിര്‍വ്വഹിക്കണമെന്നും ഖാസിമാര്‍ അഭ്യര്‍ത്ഥിച്ചു.
ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് റംസാന്‍ മുപ്പത് പൂര്‍ത്തിയാക്കി വിശ്വാസികള്‍ വ്യാഴാഴ്ച ചെറിയപെരുന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങുന്നത്.
കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പെരുന്നാള്‍ നമസ്കാരം പള്ളികളിലോ ഈദ് ഗാഹുകളിലോ ഉണ്ടാകില്ല. ആഘോഷങ്ങളില്‍ കൊവിഡ് മാനദണ്ഡം പാലിക്കണമെന്ന് ഖാസിമാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പെരുന്നാള്‍ ദിനം നമസ്ക്കാരത്തിന് മുമ്ബ് ഫിത്വര്‍ സക്കാത്ത് നല്‍കണമെന്നാണ് പ്രമാണം. അയല്‍വീടുകളില്‍ ഇത് നേരിട്ട് എത്തിക്കാതെ ഏകീകൃത സ്വഭാവത്തിലാക്കണമെന്നാണ് ഖാസിമാരുടെ ആഹ്വാനം.
വീടുകളിലെ സന്ദര്‍ശനവും പെരുന്നാള്‍ ആഘോഷങ്ങളില്‍ പ്രധാനമാണ്. ലോക്ഡൗണ്‍ കാലമായതിനാല്‍ ഇത്തരം സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം മനസും ശരീരവും ശുദ്ധി ചെയ്താണ് ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാളിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. കൊവിഡ് മൂലം ദുരിതം അനുഭവിക്കുന്നവരെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തണമെന്നാണ് പണ്ഡിതരുടെ ആഹ്വാനം.
അതേസമയം ചെറിയ പെരുന്നാള്‍ പ്രമാണിച്ച് ലോക്ക്ഡൗണില്‍ സംസ്ഥാനസര്‍ക്കാര്‍ ചെറിയ ഇളവ് നല്‍കിയിട്ടുണ്ട്. മാംസവില്‍പ്പനശാലകള്‍ക്ക് മാത്രം ബുധനാഴ്ച രാത്രി 10 മണി വരെ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.