ആലപ്പുഴ: കെ.ആര്‍. ഗൗരിയമ്മ എന്ന വിപ്ലവ നായിക ഇനി ജ്വലിക്കുന്ന ഓര്‍മ. ആലപ്പുഴയിലെ വലിയ ചുടുകാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെ ഗൗരിയമ്മയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. രാഷ്ട്രീയ, സാമൂഹിക, സംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം നിരവധി പേരാണ് അവസാനമായി ഗൗരിയമ്മയെ കാണാനായി വലിയ ചുടുകാട്ടിലെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ പോലീസ് ഇടപെട്ട് തിരക്ക് നിയന്ത്രിച്ചു.
മുന്‍ ഭര്‍ത്താവ് ടി.വി. തോമസിന്റെ ശവകുടീരത്തിന് സമീപത്തുതന്നെയാണ് ഗൗരിയമ്മയ്ക്കും അന്ത്യനിദ്രയ്ക്കുള്ള സ്ഥലമൊരുക്കിയത്. തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷമാണ് ഗൗരിയമ്മയുടെ മൃതദേഹം ആലപ്പുഴയിലെത്തിച്ചത്. വീട്ടിലും സ്‌കൂളിലും മൃതദേഹം അല്‍പനേരം പൊതുദര്‍ശനത്തിന് വെച്ചിരുന്നു.
ഗൗരിയമ്മയുടെ മൃതദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് അയ്യങ്കാളി ഹാളിലെത്തിച്ചപ്പോള്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഒട്ടേറെ പേരാണ് എത്തിയത്. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കെ പ്രോട്ടോകോളിന് ഇളവ് അനുവദിച്ച് പ്രത്യേകം ഉത്തരവിറക്കിയാണ് അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശന സൗകര്യം ഒരുക്കിയത്. അയ്യങ്കാളി ഹാള്‍ നിറഞ്ഞ് കവിയുന്ന അവസ്ഥ ഉണ്ടായെങ്കിലും ഇരിപ്പിടങ്ങള്‍ അടക്കം ക്രമീകരിച്ചാണ് തിരക്ക് നിയന്ത്രിച്ചത്. പോലീസ് പാസ്സുള്ളവര്‍ക്ക് മാത്രമാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ അനുവദമുണ്ടായിരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ പ്രമുഖര്‍ അയ്യങ്കാളി ഹാളില്‍ എത്തി അന്ത്യോപചാരം അര്‍പ്പിച്ചു. എ. വിജയരാഘവനും എം.എ. ബേബിയും ചേര്‍ന്ന് ഗൗരിയമ്മയുടെ മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിച്ചു.
കടുത്ത പനിയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഗൗരിയമ്മ. ഇന്ന് പുലര്‍ച്ചെ ഏഴ് മണിയോടെയാണ് അന്തരിച്ചത്.