ന്യൂദല്‍ഹി: കൊവിഡ് രോഗമുണ്ടാക്കുന്ന സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ ദിവസവും ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാല്‍ മതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. പിന്നാലെ മന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിദഗ്ധര്‍ രംഗത്തെത്തി.
ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനും കൊക്കോ ധാരാളമായി അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാല്‍ മതിയെന്നായിരുന്നു ഹര്‍ഷവര്‍ധന്‍ പറഞ്ഞത്.
വിറ്റാമിനും ധാതുക്കളും വര്‍ധിപ്പിക്കുന്നതിന് പച്ചക്കറികളും പഴങ്ങളും കഴിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ എന്താണ് ഈ അവകാശവാദത്തിന് തെളിവ് എന്ന് ചോദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. മെഡിക്കല്‍ ജേണലായ ലാന്‍സൈറ്റും മന്ത്രിയുടെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
സമൂഹത്തില്‍ എത്ര പേര്‍ക്ക് ഡാര്‍ക്ക് ചോക്ലേറ്റ് വാങ്ങി കഴിക്കാന്‍ സാധിക്കും. തെളിവുകള്‍ നിരത്തി വേണം മന്ത്രി സംസാരിക്കാനെന്ന് ചിലര്‍ കമന്റ് ചെയ്തു. പൊതുവിതരണ സംവിധാനം, റേഷന്‍ കടകള്‍ മാറ്റി ഇനി അതുവഴി ഡാര്‍ക്ക് ചോക്ലേറ്റ് മാത്രം നല്‍കുമോ എന്നും ചിലര്‍ ചോദിച്ചു.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇത്തരം വ്യാജവാദങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. നേരത്തെ യോഗാ ഗുരുവായ ബാബ രാം ദേവും ഇത്തരം പരാമര്‍ശവുമായി രംഗത്തെത്തിയിരുന്നു.
രോഗബാധിതരായവരോട് ആശുപത്രിയില്‍ ചികിത്സയ്ക്ക് പോകരുതന്നും തന്റെ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ മതിയെന്നുമായിരുന്നു രാംദേവ് പറഞ്ഞത്.